two-wheeler

കുഴിത്തുറ: മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ ബൈക്കുകൾ കാണാതായ സംഭവത്തിൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ,എസ്.ഐ ഉൾപ്പെടെ അഞ്ചു പേർക്ക് സ്ഥലമാറ്റം. മാർത്താണ്ഡം ഇൻസ്‌പെക്ടർ ആദി ലിംഗം ബോസ്, എസ്.ഐ സുരേഷ് കുമാർ, കോൺസ്റ്റബിൾമാരായ സുജിൻ, വിക്ടർ,സുന്ദർ എന്നിവരെയാണ് നാഗർകോവിൽ എ.ആർ.ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. വാഹന പരിശോധനകളിലും വാഹനാപകടങ്ങളിലും പെടുന്ന വണ്ടികൾ പൊലീസ് പിടിച്ചെടുത്തു സ്റ്റേഷനിൽ സൂക്ഷിച്ചുപോന്നിരുന്നു. ഇതിൽ നിലവിൽ കോടതിയിൽ കേസ് നടക്കുന്ന വാഹനങ്ങളും ഉൾപ്പെടും. എന്നാൽ ഇപ്പോൾ ഇതിൽ പല വാഹനങ്ങളും സ്റ്റേഷനിൽ നിന്ന് കാണാതായെന്ന് ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസ്.പി കഴിഞ്ഞ ദിവസം മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് കേസെടുത്തിട്ടുള്ള ചില വാഹനങ്ങൾ സ്റ്റേഷനിൽ നിന്ന് കാണാതായതായി അറിയാൻ കഴിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്.പി തക്കല ഡി.എസ്.പി രാമചന്ദ്രന് ചുമതല നൽകി. ഇന്നലെയാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ലോക്ക്ഡൗൺ തുടങ്ങിയ ശേഷമാണ് ഇൻസ്‌പെക്ടർ ആദി ലിംഗ ബോസും എസ്.ഐ സുരേഷ്‌കുമാറും സ്റ്റേഷനിൽ സ്ഥലംമാറി വന്നത്. അതിനാൽ മുൻ സ്റ്റേഷൻ ഇൻസ്‌പെക്ടർ,എസ്.ഐ ഉൾപ്പെട്ടവർക്ക് ഇതിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.