തിരുവനന്തപുരം: കൊവിഡ് കാലത്ത് കൗതുകമായി പങ്കായം ഹോട്ടൽ. വളരെ ശ്രദ്ധേയമായ രീതിയിൽ തുടങ്ങിയ ഹോട്ടൽ കൊവിഡിൽ കഷ്ടത്തിലായെങ്കിലും പിന്നീടത് പച്ചക്കറി വില്പന കേന്ദ്രമായി ശ്രദ്ധനേടുകയാണ്. പിരവർത്തനം ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നഗരവാസികളുടെ രുചിഭേദങ്ങൾക്കനുസരിച്ച് വിഭവങ്ങൾ വിളമ്പിയിരുന്ന ബേക്കറി ജംഗ്ഷനിലെ പാങ്കായം റെസ്റ്റോറന്റ് കൊവിഡ് കാലത്ത് ചുവടൊന്നു മാറ്റിപ്പിടിക്കുകയാണ്. കണ്ടെയ്‌നർ മാതൃകയിൽ ഹോട്ടൽ തുടങ്ങി ശ്രദ്ധയാകർഷിച്ച പങ്കായത്തിൽ ഇപ്പോൾ പച്ചക്കറിയാണ് താരം. കൊവിഡിൽ ഭക്ഷണ കച്ചവടം കിതപ്പിലായതോടെയാണ് ഉടമകൾ വേറിട്ട ചിന്തയുമായെത്തിയത്. പാർക്കിംഗ് ഏരിയക്ക് സമീപം ചെറിയൊരു കട റെഡിയാക്കി. പച്ചക്കറി കച്ചവടം തുടങ്ങി. കിടിലൻ ഓഫറും കൊടുത്തു.'പച്ചക്കറി ഏതും 20രൂപ' നിരക്കിലാണ് വില്പന. തക്കാളി, വെണ്ട,സവാള, കോവയ്ക്ക, കാരറ്റ് മുതൽ എല്ലാം 350 ഗ്രാം തൂക്കത്തിൽ ലഭിക്കും. ഇഷ്‌ട റസ്റ്റോറന്റിന് മുന്നിലെ പച്ചക്കറി കട കണ്ട് ആദ്യം ഒന്ന് അമ്പരക്കുന്നവർ പിന്നെ വാഹനം സെെഡാക്കി കടയിൽ കയറി ചിലത് വാങ്ങുന്നുമുണ്ട്. എല്ലാം പായ്ക്ക് ചെയ്‌ത് നൽകുന്നതിനാൽ അവർക്കും സന്തോഷം. പുതിയ ബിസിനസ് തുടങ്ങി ആറു ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആൾക്കാർ പുതിയ സംരംഭത്തോട് സഹകരിക്കുമെന്ന പ്രതീക്ഷയിലാണിവർ.