തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ നിന്ന് അനധികൃതമായി കെെപ്പറ്റിയ സംഭാവനയുടെയും, എസ്.എം.എസ് സന്ദേശങ്ങളുടെയും മറ്റും രേഖകളുമായി 27 ന് നേരിട്ട് ഹാജരാകാൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിന് ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് , ഉപലോകായുക്ത എ.കെ.ബഷീർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നോട്ടീസ് നൽകി.
മലപ്പുറം എടപ്പാൾ സ്വദേശി രോഹിതാണ് പരാതിക്കാരൻ. മന്ത്രി ജലീൽ പ്രോട്ടോകാൾ ലംഘനം നടത്തി വിദേശ രാജ്യത്ത് നിന്ന് അനധികൃതമായി ആനുകൂല്യം കെെപ്പറ്റിയെന്നും, തന്റെ മണ്ഡലത്തിലെ സി.പി.എം അണികൾക്ക് വിതരണം ചെയ്തെന്നുമാണ് ആരോപണം.യു.എ.ഇ കോൺസുലേറ്റിൽ നിന്ന് 5.17 കോടി കെെപ്പറ്റിയ ജലീൽ അഞ്ച് കോടിക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വാങ്ങി.ഇവ നിറയ്ക്കുന്നതിന് യു.എ.ഇ യുടെ എംബ്ളം അടിച്ച 1000 തുണി സഞ്ചികൾ നിർമ്മിയ്ക്കാൻ 17 ലക്ഷം രൂപ ഉപയോഗിച്ചു.തൃപ്പലക്കോട് സി.പി.എം ഒാഫീസിലെത്തി മന്ത്രി നേരിട്ട് കിറ്റ് വിതരണം ചെയ്തു.ബാക്കിയുളള കിറ്റുകൾ എടപ്പാൾ ഏരിയാ കമ്മറ്റി സെക്രട്ടറി മുസ്തഫ മുഖേന സ്ഥലത്തെ സി.പി.എം പ്രവർത്തകർക്ക് മാത്രമായി വിതരണം ചെയ്തതെന്നും ഹർജിയിൽ പറയുന്നു.