taping-phone-calls-

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുള്ള സമ്പർക്ക പട്ടിക തയ്യാറാക്കാനായി ഫോൺ വിളി രേഖകൾ ചോർത്തുന്നതിലൂടെ ഉണ്ടാകുന്നത് വിപരീത ഫലം. വിദൂര സ്ഥലങ്ങളിൽ നിന്ന് വിളിക്കുന്നവരുടെ വിവരങ്ങൾ കൊണ്ട് ഗുണമില്ല. ഒരു വ്യക്തി മൊബൈലുമായി പോയ സ്ഥലങ്ങൾ അറിയാൻ കഴിയുമെങ്കിലും സമ്പർക്കം പുലർത്തിയവരുടെ വിവരം അയാൾ തന്നെ വെളിപ്പെടുത്തണം. നിരീക്ഷണത്തിലുള്ളയാൾ ഫോൺ വീട്ടിൽ വച്ച് പുറത്തിറങ്ങിയാലും രേഖകളുപയോഗിച്ചുള്ള സമ്പർക്ക പട്ടികയുണ്ടാക്കൽ അസ്ഥാനത്താകും.

രോഗബാധിതന്റെ ടവർ ലൊക്കേഷനെടുത്താലും പൂർണമായ സമ്പർക്ക പട്ടികയുണ്ടാക്കാനാവില്ല. ജി.പി.എസ് ലൊക്കേഷനിലൂടെ മാത്രമേ മൊബൈലുള്ള സ്ഥലം കണ്ടെത്താനാകൂ. പക്ഷേ ഇതിനായി ഫോണിൽ ജി.പി.എസ് ലൊക്കേഷൻ ഓൺ ചെയ്തിരിക്കണം. നഗരങ്ങളിൽ ടവർ ലൊക്കേഷൻ ഒരുകിലോമീറ്റർ പരിധിയിലായിരിക്കും. ഗ്രാമങ്ങളിൽ ഇത് ആറ് കിലോമീറ്റർ വരെയാകാം.

ജി.പി.എസ് ലൊക്കേഷൻ പരിശോധിക്കാൻ ഫോൺവിളി രേഖകൾ വേണ്ടെന്നിരിക്കേ പൊലീസിന്റെ നീക്കം സംശയകരമാണെന്ന് ഐ.ടി വിദഗ്‌ദ്ധരും പറയുന്നു. നേരിട്ട് സമ്പർക്കം പുലർത്തുന്നവരുമായി ഫോൺ വിളിക്കേണ്ടതില്ലെന്നതും ഇക്കാര്യത്തിലെ പൊള്ളത്തരം വെളിച്ചത്താക്കുന്നു.

 സി.ഡി.ആർ

മൊബൈൽ നമ്പർ ഉപയോഗിക്കുന്ന ആളിന്റെ ജാതകമാണ് കാൾ ഡേറ്റാ റെക്കാഡർ (സി.ഡി.ആർ). ആരൊക്കെ വിളിച്ചു, ആരെയൊക്കെ വിളിച്ചു, വന്നതും പോയതുമായ എസ്.എം.എസ്, വിളിച്ച സമയം, തീയതി, ടവർ, കാളിന്റെ ദൈർഘ്യം, ഐ.എം.ഇ.ഐ നമ്പർ, സിം ഐ.ഡി, വന്നതും തിരിച്ചുള്ളതുമായ വിളികൾ തുടങ്ങിയ കാര്യങ്ങളെല്ലാം സി.ഡി.ആറിലുണ്ടാകും. ജി.പി.എസ് വിവരങ്ങൾ ശേഖരിച്ചാൽ ഉപഭോക്താവിന്റെ ഡേറ്ര, വൈഫൈ വിവരങ്ങളും ലഭിക്കും.

അപകടം ഇത്

 മൊബൈൽ രേഖകൾ തെ​റ്റായി ഉപയോഗിക്കാനിടയുള്ള ഉദ്യോഗസ്ഥർക്ക് സി.ഡി.ആർ ലഭിച്ചാൽ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോർന്നേക്കാം

 കൊവിഡിന്റെ മറവിൽ പൊലീസിന് ആരുടെയും വിവരങ്ങൾ തേടാം. ആരുടെ നമ്പരും മൊബൈൽ ഫോൺ കമ്പനികൾക്ക് കൈമാറാം

 എസ്.ഐ മുതലുള്ളവർക്ക് സി.ഡി.ആർ ശേഖരിക്കേണ്ട നമ്പരുകൾ മേലുദ്യോഗസ്ഥർക്ക് കൈമാറാം. രോഗബാധിതനാണോയെന്ന പരിശോധനയില്ല