kanjavu

കാസർകോട്: പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 175 കിലോഗ്രാം കഞ്ചാവുമായി കർണാടകയിലെ ബണ്ട്വാളിൽ പൊലീസിന്റെ പിടിയിലായ മൂന്നംഗ സംഘത്തിലെ രണ്ടുപേർ കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികളാണെന്ന് പൊലീസ്. മഞ്ചേശ്വരം മിയാപദവ് ചികർപാതയിലെ ഇബ്രാഹിം അർഷാദ് (26), ഹൊസങ്കടിയിലെ മുഹമ്മദ് ഷഫീഖ് (31) എന്നിവർക്കെതിരെയാണ് രണ്ട് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമത്തിനും കഞ്ചാവ് കടത്തിനുമടക്കം കേസുകളുള്ളത്.

അർഷാദിനും, ഷഫീഖിനും പുറമെ ദക്ഷിണ കന്നഡ ബണ്ട്വാൾ കന്യാനയിലെ കലന്തർ ഷാഫി (26)യെയും ബണ്ട്വാളിൽ നിന്ന് പുത്തൂർ പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച പിക്കപ്പ് വാനും ഇതിന് സംരക്ഷണമായി വന്ന കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് ബണ്ട്വാൾ കെദില പാട്രകോടിയിൽ പുത്തൂർ റൂറൽ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിക്കപ്പ് വാൻ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഷാഫിക്കെതിരെ വിട്ള പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും രണ്ട് കഞ്ചാവ് കടത്ത് കേസുകളും കാവൂർ സ്റ്റേഷിൽ ഒരു കഞ്ചാവ് കടത്തുകേസും നിലനിൽക്കുന്നുണ്ട്. ഉപ്പള, മഞ്ചേശ്വരം, കാസർകോട് ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്. ബണ്ട്വാളിൽ കർണാടക പൊലീസിന്റെ പിടിയിലായവരെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള ശ്രമം മഞ്ചേശ്വരം പൊലീസും ആരംഭിച്ചിട്ടുണ്ട്.