കൊച്ചി: ലോക്ക് ഡൗണിലെ ഗതാഗത നിയന്ത്രണത്തിൽ ഇനി എത്ര ജീവനുകൾ ബലിയാടാകണം. ആശുപത്രിക്കിടക്കയിൽ ഇനി എത്രനാൾ എന്നറിയാതെ കിടക്കുന്ന സലീമിന്റെ ചികിത്സയ്ക്കായി നെട്ടോട്ടമോടുമ്പോഴും ഈ അവസ്ഥ ആർക്കും വരരുതേ എന്നാണ് ഭാര്യ റംലത്തിന്റെയും മക്കളുടെയും പ്രാർത്ഥന. ഒരു നേരമെങ്കിലും വിശപ്പടക്കാനായിരുന്നു ലോക്ക്ഡൗൺ സമയത്ത് നിയന്ത്രണങ്ങൾ പാലിച്ച് സലീം ചുമടെടുക്കാനിറങ്ങിയത്. എന്നാൽ അത് തന്നെയും കുടുംബത്തെയും തീരാദുരിതത്തിലേക്ക് തള്ളിവിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
മട്ടാഞ്ചേരി ഇലഞ്ഞിമുക്ക് 5/511 വീട്ടിൽ സലീം (55) വർഷങ്ങളായി മട്ടാഞ്ചേരി ബസാറിലെ ചുമട്ടുതൊഴിലാളിയാണ്. ചുമടെടുക്കുന്നതിനിടയിലാണ് തലകറങ്ങിവീണത്. ഭക്ഷണം പോലും കഴിച്ചിട്ടുണ്ടായിരുന്നില്ല. തല കല്ലിലിൽ അടിച്ചുവീണ സലീമിനെ ഗതാഗത നിയന്ത്രണവും പ്രധാന റോഡുകളെല്ലാം ബ്ലോക്ക് ചെയ്തത്തിനാലും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിച്ചില്ല. കരിവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിന്ന് തലയിൽ സ്റ്റിച്ചിട്ട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആറ് മണിക്കൂറോളം ചികിത്സകളൊന്നും ലഭിച്ചില്ല. വളരെ വൈകിയാണ് സ്കാൻ ചെയ്തതും ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന് അറിയിച്ചതും.
കൊവിഡ് പരിശോധനാഫലം വന്നാലേ ചികിത്സ നൽകാനാകൂ എന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്. അപ്പോഴേക്കും ആരോഗ്യനില തീർത്തും മോശമായിരുന്നു.
തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പരിശോധനയിലാണ് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ടെന്നും രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഉടനെ ശസ്ത്രക്രിയ വേണമെന്നും അറിഞ്ഞത്. ഇതിന് ഏഴ് ലക്ഷം രൂപയിൽ കൂടുതൽ ചെല്ലവ് വരുമെന്നതിനാൽ സലീമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയെങ്കിലും ഇതുവരെയായിട്ടും ബോധം വീണിട്ടില്ല.
സലീമിന്റെയും മക്കളുടെയും തുച്ഛമായ വരുമാനത്തിൽ കഴിഞ്ഞിരുന്ന കുടുംബം കൊവിഡ് നിയന്ത്രണങ്ങളിൽ താളംതെറ്റി. വരുമാനമാർഗം അടഞ്ഞതോടെ കുടുംബവും പട്ടിണിയിലായി. മൂത്ത മകൻ അനീഷ് തുണിക്കടയിലെ ജീവനക്കാരനാണ്. രണ്ടാമത്തെ മകൻ അനസ് വാടകവണ്ടി ഓടിക്കുന്നു. ഇളയ മകൾ അൻസിയ പ്ളസ് ടു വിദ്യാർത്ഥിനിയും. കടം വാങ്ങിയാണ് ഇതുവരെയുള്ള ചികിത്സാ ചെലവുകൾ നടത്തിയത്. കൊവിഡായതിനാൽ ഇനി ആരോട് സഹായം ചോദിക്കുമെന്നറിയില്ല ഈ കുടുംബത്തിന്. അക്കൗണ്ട് നമ്പർ:0024053000017767, lFSC: SIBL0000024 , സൗത്ത് ഇന്ത്യൻ ബാങ്ക്.
"മൂന്ന് മാസമായി പണിയില്ലാതായിട്ട്.
ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ഒരു വഴിയുമില്ല. ഇനി വാപ്പയ്ക്ക് പഴയ പോലെ നടക്കാനും സംസാരിക്കാനും സാധിക്കുമോ എന്ന കാര്യത്തിൽ ഡോക്ടർമാർ ഉറപ്പുപറയുന്നില്ല."
അനസ്,
മകൻ