balabhaskar

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ കാർ അപകടമുണ്ടായ പള്ളിപ്പുറത്ത് ദൃക്‌സാക്ഷികളുമായി സി.ബി.ഐയുടെ തെളിവെടുപ്പ്. കലാഭവൻ സോബി അടക്കമുള്ള സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും അപകടമുണ്ടാക്കിയ കാർ പരിശോധിച്ചും സി.ബി.ഐ സീൻ ഒഫ് ക്രൈം തയ്യാറാക്കി. അപകടസ്ഥലത്ത് ആദ്യമെത്തിയ പ്രദേശവാസികളായ സ്ത്രീകളുടെയും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെയും മംഗലപുരം സ്റ്റേഷനിലെ മുൻ എസ്.ഐയുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. ഫോറൻസിക് റിപ്പോർട്ട് പഠിക്കും. കലാഭവൻ സോബിയടക്കമുള്ള ചില സാക്ഷികൾക്ക് നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നടത്തുന്നതും പരിഗണനയിലുണ്ടെന്ന് സി.ബി.ഐ അറിയിച്ചു.

അപകടത്തിന് മുൻപ് വാഹനം തല്ലിപ്പൊളിക്കുന്നത് കണ്ടെന്ന് കലാഭവൻ സോബി സി.ബി.ഐക്ക് മൊഴി നൽകി. എന്നാൽ സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസുകാരും രക്ഷാപ്രവർത്തകരും സോബിയുടെ മൊഴികൾ നിഷേധിച്ചു. കാറിന്റെ പിൻവശത്തെ ചില്ല് പൊട്ടിയിരുന്നില്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ അടിച്ച് പൊട്ടിച്ചതാണെന്നും ഇവർ മൊഴി നൽകി. അതേസമയം, ഡ്രൈവിംഗ് സീ​റ്റിൽ അർജുനായിരുന്നുവെന്ന് ചിലർ മൊഴി നൽകിയപ്പോൾ ബസ് കണ്ടക്ടറുടേത് വ്യത്യസ്തമായ മൊഴിയാണ്. ഡ്രൈവിംഗ് സീ​റ്റിൽനിന്ന് പുറത്തെടുത്തയാൾ ബാലഭാസ്‌കറായിരുന്നു എന്നാണ് ബസ് കണ്ടക്ടർ പറഞ്ഞത്. അപകടസ്ഥലത്തും സമീപത്തെ പെട്രോൾ പമ്പിലും സി.ബി.ഐ സംഘം തെളിവെടുപ്പ് നടത്തി.

സോബി പറയുന്നത്

അപകടമുണ്ടായതിന് ഒന്നര കിലോമീ​റ്റർ അകലെ വച്ച് ബാലുവിന്റെ വാഹനം ആക്രമിക്കപ്പെട്ടെന്നാണ് സോബി പറയുന്നത്. തിരുനെൽവേലിയിലേക്കുള്ള യാത്രയ്ക്കിടെ പെട്രോൾ പമ്പിൽ വാഹനം നിറുത്തി വിശ്രമിക്കുമ്പോൾ ഇക്കാര്യം നേരിൽ കണ്ടെന്നും മൊഴിനൽകി. എന്നാൽ അന്ന് പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ഇതൊന്നും കണ്ടിട്ടില്ല. കാറിന്റെ തകർന്ന ചില്ലുപോലും അവിടെയുണ്ടായിരുന്നില്ലെന്നും അവർ മൊഴി നൽകി. ഇതുകൂടാതെ അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെപ്പോലെ തോന്നിക്കുന്ന ഒരാളെ കണ്ടെന്നും സോബി മൊഴി നൽകിയിട്ടുണ്ട്. നുണപരിശോധന, ബ്രെയിൻ മാപ്പിംഗ് അടക്കം ഏത് ഫോറൻസിക് പരിശോധനയ്ക്കും താൻ തയ്യാറാണെന്നും സി.ബി.ഐക്ക് സോബി എഴുതി നൽകി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരൻ നായരുടെയും ഡിവൈ.എസ്.പി ടി.പി. അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.