powercut

തിരുവനന്തപുരം:കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരോട് ഈ നാട്ടിലെ വിദ്യാർത്ഥികൾക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമെല്ലാം ഒരു റിക്വസ്റ്റുണ്ട്: ദയവായി കറണ്ട് കട്ടു ചെയ്യരുത്. അഥവാ ഇനി കട്ട് ചെയ്തേ പറ്റൂ എങ്കിൽ മൂൻകൂട്ടി അറിയിക്കണം! കാരണം വേറൊന്നുമല്ല,​ കൊവിഡ് ഇങ്ങനെ വച്ചടി വച്ചടി കയറിക്കൊണ്ടിരിക്കുമ്പോൾ ജീവനക്കാരൊക്കെ 'വർക്ക് അറ്റ് ഹോം' ആണ്. കുട്ടികളുടെ പഠനം അറിയാമല്ലോ- ഓൺലൈനിലാണ്. അപ്പോൾ നിങ്ങളുടെ ലൈനിൽ കൂടി കറണ്ട് വന്നില്ലെങ്കിൽ പണി പാളും. ജോലിയും നടക്കില്ല,​ പഠിത്തവും നടക്കില്ല. മുൻകൂട്ടി നിശ്ചയിക്കുന്ന ജോലികൾക്കു വേണ്ടി വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വരുമ്പോൾ വിവരം കെ.എസ്.ഇ.ബി മാദ്ധ്യമങ്ങൾ വഴി അറിയിക്കുന്നതോടൊപ്പം ഉപഭോക്താവിന്റെ രജിസ്റ്റേഡ് മൊബൈൽ നമ്പരിലേക്ക് എസ്.എം.എസും അയയ്ക്കുമായിരുന്നു. ഇപ്പോൾ ഇതൊന്നും ഇല്ലാതെ തന്നെ കറണ്ട് കട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ശ്രീകാര്യത്തിനടുത്ത് ഗാന്ധിപുരത്ത് വൈദ്യുതി വിതരണം മുടങ്ങി. നാട്ടുകാർ അന്വേഷിച്ചപ്പോൾ വൈദ്യുതി കമ്പികൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാൻ സ്‌പേസർ സ്ഥാപിക്കുന്ന ജോലികൾക്ക് വേണ്ടിയാണ് കട്ട് ചെയ്തത് എന്നറിഞ്ഞു. ഒന്നും രണ്ടു മണിക്കൂറല്ല,​ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതിയേ ഇല്ല. പ്രദേശവാസികൾ കെ.എസ്.ഇ.ബി കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെട്ടപ്പോൾ അവർ ഈ പ്രദേശത്തു ഇത്തരം ഒരു അറ്റകുറ്റപണി മൂലം ഏറെ നേരം വൈദ്യുതി മുടക്കം ഉണ്ടാവുമെന്ന് സെക്ഷനിൽ നിന്ന് അറിയിച്ചിട്ടില്ലെന്നാണ് പറഞ്ഞത്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും കുട്ടികളുമൊക്കെ കുഴങ്ങി. ഇനിയെങ്കിലും മുന്നറിപ്പ് വേണമെന്നാണ് നാട്ടുകാർ പറയുന്നത്. മാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നതും എസ്.എം.എസ് സംവിധാനവും കാര്യക്ഷമമാക്കുന്നതിനു പുറമെ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുവഴിയും അറ്റകുറ്റപണികൾ മൂലമുള്ള വൈദ്യുതി മുടക്കം മുൻകൂട്ടി അറിയിക്കണമെന്ന നിർദ്ദേശമാണ് പ്രദേശവാസിയായ കോലിയക്കോട് സി.എം.അരുൺ കേശവിനുള്ളത്.