കൊച്ചി: എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ അതിക്രമിച്ചുകയറി ടെലിവിഷനും ഗൃഹോപകരണങ്ങളും പാത്രങ്ങളും മോഷ്ടിച്ച സംഭവത്തിൽ അഞ്ച് സ്ത്രീകളെ സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു.കോയമ്പത്തൂർ ഗാന്ധിനഗർ സ്വദേശികളായ ജ്യോതി രാഘവൻ (25), മിത്ര ജസ്വിൻ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെൽഫി സുരേഷ് (20) എന്നിവരാണ് പിടിയിലായത്.
ബ്യൂമോണ്ട് ഹോട്ടലിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്.മോഷണമുതലുകളുമായി പോകുന്ന പ്രതികളെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ളത് മോഷണമുതലാണെന്ന് ബോദ്ധ്യപ്പെട്ടത്. പ്രതികളെ ചോദ്യം ചെയ്തതോടെ മുമ്പും മോഷണം നടത്തിയതായി തെളിഞ്ഞു. വില്പന നടത്തിയ മുതലുകൾ വാങ്ങിയ സ്ഥാപനങ്ങളിൽനിന്നും പൊലീസ് പിടിച്ചെടുത്തു.പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻകുമാർ, തോമസ് പള്ളൻ,അരുൾ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രഭാകുമാരി, ഹേമ, മിനി, ലിബിഷ തുടങ്ങിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.