തിരുവനന്തപുരം : തലസ്ഥാനത്ത് ഇന്നലെ 434 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇന്നലെ വീണ്ടും നാനൂറ് പിന്നിട്ടു. അഞ്ച് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി.
7 ന് മരിച്ച മുക്കോല സ്വദേശി ലിസി സാജൻ, അബ്ദുൽ റഷീദ് എന്നിവരുടെ മരണം കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 428 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനമുണ്ടായത്. ഇന്നലെത്തെ രോഗികളിൽ 152 പേർ മാത്രമാണ് നഗരപരിധിയിലുള്ളവർ. ശേഷിക്കുന്നവർ ഗ്രാമ മേഖലയിലായതിനാൽ രോഗം നാഗരാതിർത്തി പിന്നിട്ട് ഗ്രാമീണ മേഖലയിലേക്ക് കൂടി വ്യാപിച്ചതായാണ് സൂചന. വെങ്ങാനൂർ, വിഴിഞ്ഞം, മമ്പള്ളി,കെട്ടുപാറ, അഞ്ചുതെങ്ങ്, പൂജപ്പുര, കോവളം എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ രോഗികളുള്ളത്.
നിരീക്ഷണത്തിലുള്ളവർ -20,046
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -16,474
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,867
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -705
ഇന്നലെ നിരീക്ഷണത്തിലായവർ -1,250
സെൻട്രൽ ജയിലിൽ 41 തടവുകാർക്കും
ദുരിതാശ്വാസക്യാമ്പിൽ 21 പേർക്കും കൊവിഡ്
പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.98 പേരിൽ നടത്തിയ പരിശോധനയിലാണ് 41 പേർക്ക് രോഗം സ്ഥിരീകരിച്ചത്.ഒരു ഉദ്യോഗസ്ഥനും രോഗബാധിതനാണ്.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 59 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ തടവുകാരടക്കം 101 പേർക്ക് സെൻട്രൽ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന 21 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇത് വലിയ ആശങ്കയാണുണ്ടാക്കിയിട്ടുള്ളത്.