cash

തിരുവനന്തപുരം:വഞ്ചിയൂർ സബ് ട്രഷറിയിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ബിജുലാൽ വീട്ടിലും സബ് ട്രഷറി വളപ്പിലും ഒളിപ്പിച്ചിരുന്ന രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ട്രഷറിയിലെയും ബാങ്കുകളിലെയും ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പ്രതിയുമായുള്ള തെളിവെടുപ്പിൽ കണ്ടെടുത്തത്. ജില്ലാ ട്രഷറിയിലും എത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പ് പൂർത്തിയായതിനാൽ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ബിജുലാലിനെ റിമാൻ‌ഡ് ചെയ്തു.

ബിജുലാലിന്റെ കാറും വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ് പി എം.ജെ സുൾഫിക്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടിച്ചെടുത്തു.
രണ്ടേമുക്കാൽ കോടിക്കു പുറമെ കൂടുതൽ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാണ് സൂചനയെങ്കിലും ബിജുലാൽ നിഷേധിച്ചു. സുഹൃത്തുക്കളോട് കടം വാങ്ങിയത് തിരിച്ചുകൊടുക്കാൻ തട്ടിയെടുത്ത തുക ഉപയോഗിച്ചു. അവരുടെ ട്രഷറി അക്കൗണ്ടിലേയ്ക്കാണ് പണം നൽകിയത്.
കരമനയിലെ വാടക വീട്ടിലും വഴയിലയിലെ സഹോദരിയുടെ വീട്ടിലും ബിജുലാലിനെ എത്തിച്ചു. ഇവിടെ നിന്നു കണ്ടെടുത്ത ചില രേഖകളിൽനിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ബിജുവിന്റ ഭാര്യ സിമിക്കും പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. അവരുടെ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചശേഷമേ നടപടി ഉണ്ടാവൂ.സിമിയുടെ ട്രഷറി അക്കൗണ്ടിലും പൂവാർ ഫെഡറൽ ബാങ്ക് അക്കൗണ്ടിലുമാണ് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ബിജുലാൽ നിക്ഷേപിച്ചിരുന്നത്. ബാങ്കിൽ നിന്നു പൊലീസ് ഇടപാടിന്റെ വിവരങ്ങൾ തേടി.