gulika

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വാഴക്കുല കയറ്റിയെത്തിയ പിക്ക് അപ്പ് വാനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി ഗുളികകളുമായി ഡ്രൈവറെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് പിടികൂടി. തൂത്തുക്കുടി വാകൈ സ്വദേശി ശെന്തിൽ മുരുകനെ (26) അറസ്റ്റ് ചെയ്തു.

ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 36 സ്ട്രിപ്പുകളിലായി 864 ഗുളികകളാണ് പിടികൂടിയത്. തമിഴ്നാട് അതിർത്തിയിൽ സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന ശക്തമാക്കണമെന്ന കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകൾ പിടികൂടിയത്.

ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്.ബിനു, എക്സൈസ് ഇൻസ്‌പെക്ടർ സി.ബി. വിജയൻ, പ്രിവന്റീവ് ഓഫീസർമാരായ പി. സുജിത്ത് കുമാർ, ജി. സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.