തിരുവനന്തപുരം: നമ്മുടെ പൊലീസുകാർ പടം പിടിക്കാനിറങ്ങിയിരിക്കുകയാണ്. 'പൊളപ്പൻ' പടങ്ങളാക്കി യൂ-ട്യൂബ് വഴി റീലീസ് ചെയ്യുകയാണ് ലക്ഷ്യം. അതിനായി കുറച്ചു പേർ തിരക്കഥ എഴുതുന്നു. ചിലർ സംവിധാനം ചെയ്യേണ്ട സീനുകൾ പ്ലാൻ ചെയ്യുന്നു. മറ്റ് ചിലർ ദൃശ്യമികവ് പകരുന്ന ലൊക്കേഷൻസിനെ കുറിച്ചുള്ള ആലോചനയിലുമാണ്.
പൊലീസുകാരുടെ പടംപിടിത്തം ഒന്നിലും രണ്ടിലുമൊതുങ്ങില്ല. പല പടലകളുള്ള വെബ് സീരിസുകളായിട്ട് അത് സ്വാതന്ത്യദിനം മുതൽ അവതരിച്ചു തുടങ്ങും. കൂട്ടത്തിൽ ആദ്യത്തേതിന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. പേര്- ഡീസന്റ് മുക്ക്.
പൊലീസിന്റെ എഫ്.ബി പേജിൽ അവതരിപ്പിച്ച ട്രോളുകളും ട്രോൾ വീഡിയോകളും ഹിറ്റായതാണ് വെബ് സീരീസിലേക്ക് തിരിയാൻ കാരണം. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തിന് പൊലീസിലെ സോഷ്യൽ മീഡിയാ ടീം ആണ് ആവിഷ്കാരം നൽകുന്നത്. 'കോപ്പ്' എന്ന പേരിട്ടിരിക്കുന്ന വെബ് പരമ്പരയുടെ ആദ്യത്തെ ഹ്രസ്വ ചിത്രം അരുൺ ബി.ടിയാണ് സംവിധാനം ചെയ്യുന്നത്. രണ്ടാമത്തേത് സന്തോഷ് പി.എസ്. ഒരുക്കും. തുടർന്ന് ബിമൽ വി.എസ്. കമൽനാഥ്, സന്തോഷ് സരസ്വതി, അഖിൽ എന്നിവരും ആക്ഷൻ... കട്ട് പറയും. ലോക്ക് ഡൗൺ കാലത്ത് ധാരാളം വെബ് സീരീസുകളാണ് യൂ ട്യൂബ് വഴി റിലീസായത്. കോമഡി നിറഞ്ഞ മിക്കതിനും കാണികളും ഉണ്ടായിരുന്നു.
കോമഡി വിട്ടൊരു കളിയില്ല
എത്ര സീരിയസ് വിഷയമായാലും ഹാസ്യത്തിൽ പൊതിഞ്ഞവതരിപ്പിക്കാനാണ് പൊലിസ് ടീമിന്റെ തീരുമാനം. സ്ക്രിപ്ട് എഴുതുന്നതവർ കുത്തിയിരുന്ന് കോമഡി കൂടി എഴുതി ചേർക്കുകയാണ്. പത്തു മിനിട്ടിന് താഴെയായിരിക്കും ഓരോ വീഡിയോയുടേയും നീളം. ആദ്യം കൊവിഡുമായി ബന്ധപ്പെട്ട വീഡിയോകൾ എത്തും. തുടർന്ന് ട്രാഫിക് ബോധവത്കരണം, സൈബർ സുരക്ഷ, മയക്കുമരുന്നതിനെതിരെ ബോധവത്കരണം ഒക്കെ എത്തും. നിർമ്മാണം മുതൽ പോസ്റ്റ് പ്രോഡക്ഷൻ വർക്ക് വരെ പൊലീസുകാർ തന്നെയായിരിക്കും ഉണ്ടായിരിക്കുക. അഭിനയിക്കാൻ പുറത്തു നിന്നുള്ളവർക്കും ചാൻസുണ്ട്. അതുകൊണ്ട് അഭിനയ മോഹമുള്ളവർ പൊലീസിന് 'പിടികൊടുക്കുന്നതാണ്' നല്ലത്.