rape

തൃശൂർ:പീഡനക്കേസില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നയാളെ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പുളിമാത്ത് സജ്‌ന മന്‍സിലില്‍ ആസിഫിനെയാണ് (32) തൃശൂർ ഈസ്റ്റ് പൊലീസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. തൃശൂരിലെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നതായിരുന്നു കേസ്. പരിചയക്കാരി വഴി പരിചയപ്പെട്ട യുവതിയെ ആസിഫ് വിവാഹ വാഗ്ദാനം നല്‍കി 2017ല്‍ തൃശൂരിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അന്ന് പീഡിപ്പിച്ച ശേഷം യുവതിയുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ എടുത്തു. പിന്നീട് വിദേശത്തേക്ക് പോയ ആസിഫ് 2019ല്‍ തിരിച്ചു വന്നപ്പോള്‍ യുവതിയോട് വീണ്ടും തൃശൂരിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വിസമ്മതിച്ചു.

ഇതോടെ യുവതിയ്ക്ക് അന്നത്തെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി തൃശൂരിലേക്ക് വരുത്തി. അന്നത്തെ ലോഡ്ജില്‍ തന്നെ മുറിയെടുത്ത് പീഡിപ്പിച്ചു. സംഭവത്തിന് ശേഷം ആസിഫ് ഗള്‍ഫിലേക്ക് മടങ്ങി. പിന്നീട് യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ ആസിഫ് അന്നത്തെ നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്തു. ഇതോടെ വിവാഹം മുടങ്ങി.

ഇതേത്തുടർന്ന് പഴയ സംഭവങ്ങള്‍ വിശദീകരിച്ച് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും വിദേശത്തേക്ക് കടന്നതായി വിവരം കിട്ടി. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പാസ്‌പോര്‍ട്ട് പരിശോധിക്കുമ്പോഴാണ് പൊലീസ് തിരയുന്ന ആളാണെന്ന് മനസിലായത്. ഇമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞു വച്ച് വലിയതുറ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. അവിടെ നിന്നുമാണ് ഈസ്റ്റ് എസ്.എച്ച്.ഒ. പി. ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റുചെയ്തത്. റിമാന്‍ഡ് ചെയ്ത പ്രതിയെ തൃശൂരിലെ അമ്പിളിക്കല കൊവിഡ് സെന്ററിലാക്കി. പരിശോധനാ ഫലം അറിഞ്ഞ ശേഷം ജയിലിലേക്ക് മാറ്റും.