ggg

നെയ്യാറ്റിൻകര: ക്ഷീരകർഷൻ പിരായുംമൂട് ചി​റ്റാക്കോട് സ്വദേശി കെ. ഹരിദാസിന് (50) കണ്ണുനീരിൽ കുതിർന്ന വിട. കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതത്തെ തുടർന്ന് നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അന്ത്യം സംഭവിച്ചത്. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്ന ഹരിദാസ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസഹായം നൽകിയിരുന്നു.

2018 ൽ സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ഏ​റ്റവും നല്ല ക്ഷീര കർഷകനുള്ള കിസാൻ കല്യാൺ കാര്യശാല അവാർഡ് നേടിയിട്ടുണ്ട്. ഹരിദാസിന് ഇരുപതോളം പശുക്കളുണ്ട്. ചെറുകവറുകളിലാക്കിയ പാൽ ബൈക്കിൽ അഞ്ചു കിലോമീ​റ്റർ ചു​റ്റളവിലുള്ള നൂറോളം വീടുകളിലെത്തിക്കണം. ഭാര്യ മായാദേവിയും പ്ലസ് വണ്ണിന് പഠിക്കുന്ന മകനും എട്ടാം ക്ലാസിൽ പഠിക്കുന്ന മകളും ഒപ്പം കൂടും. പാൽ കൊണ്ടു കൊടുക്കാൻ മകനും സഹായിയായി ഉണ്ടാകും. മിച്ചം വരുന്ന പാൽ സൊസൈ​റ്റികളിൽ നൽകും. ഒരു മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ റെപ്രസന്റേ​റ്റീവായി ജീവിതമാരംഭിച്ച ഹരിദാസ് പൊലീസ് കോൺസ്​റ്റബിൾ ലിസ്​റ്റിൽ ഇടം നേടിയിട്ടും ആ വഴി പോകാത്തത് കാർഷിക വൃത്തിയോടുള്ള അഭിനിവേശം കാരണമാണ്. മകൻ അരവിന്ദ് അടുത്തിടെ തന്റെ സമ്പാദ്യപ്പെട്ടി പൊട്ടിച്ച് അതിൽ കരുതിയിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ഹരിദാസും തന്റെ പഴയ സ്കൂട്ടറുകൾ വിറ്റ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ശ്രദ്ധേയനായിരുന്നു. നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ കൊവിഡ് സുരക്ഷ പാലിച്ച് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.