നെയ്യാറ്റിൻകര:പശുക്കളെ വളർത്തി ഉപജീവന മാർഗം കണ്ടെത്തിയിരുന്ന താലൂക്കിലെ നല്ലൊരു വിഭാഗം ക്ഷീര കർഷകരുടെയും ജീവിതം കൊവിഡ് വ്യാപനത്തോടെ ദുരിതത്തിലായി. ലോക്ക് ഡൗൺ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ പല വാർഡുകളെയും സ്തംഭിപ്പിച്ചത് ഏറ്റവും കൂടുതൽ ബാധിച്ചത് ക്ഷീര കർഷകരെയാണ്. സംഘങ്ങളിലേക്ക് പാൽ നൽകുന്നതിനെക്കാൾ വീടുകളിൽ കൊണ്ടുപോയി വിൽക്കുന്നതാണ് ലാഭകരം. പല വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ വീടുകളിലേക്ക് പാൽ എത്തിക്കുന്നതും ദുഷ്കരമായി. അതേസമയം ഈ ദുരിതകാലത്ത് സഹായത്തിനായി അധികൃതർ കനിയുന്നില്ലെന്നാണ് ക്ഷീര കർഷകരുടെ പരാതി. മഴക്കാലമായാൽ തീറ്റപ്പുൽ കിട്ടാത്തതും കാലാവസ്ഥാ വ്യതിയാനവും പശുവിന്റെ പാൽ ചുരത്താനുള്ള ശേഷിക്കുറവും എല്ലാം കാരണം മുൻകാലങ്ങളിൽ കിട്ടിയിരുന്ന പാലിന്റെ പകുതി മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് കർഷകർ പറയുന്നത്. ക്ഷീര മേഖലയിൽ പ്രവർത്തിച്ചിരുന്ന കർഷകരെ സംയോജിപ്പിക്കാനും അവർക്ക് ആവശ്യമായ പരിശീലനം നൽകാനുള്ള സർക്കാർ സംവിധാനം പ്രയോജനപ്പെടുത്താത്തതും കാരണം പ്രതിസന്ധികൾക്ക് മുന്നിൽ ക്ഷീര കർഷകർ തളരുകയാണ്. ക്ഷീര കർഷകർക്കായി ഒട്ടേറെ ക്ഷേമ പദ്ധതികൾ സർക്കാർ തലത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഏറ്റവും താഴേക്കിടയിലുള്ള സാധാരണ കർഷകർക്ക് ഇവയുടെ യാതൊരു വിധ പ്രയോജനങ്ങളും ലഭിക്കുന്നില്ലെന്ന് അവർ പറയുന്നു. കണക്കനുസരിച്ച് നെയ്യാറ്റിൻകരയിൽ 100ൽ അധികം കുടുംബങ്ങളാണ് പശുവളർത്തലിലൂടെ ഉപജീവനം നടത്തുന്നത്.
പദ്ധതികൾ പരിമിതം
പശു പ്രസവിക്കുന്നത് മൂരിക്കുട്ടിയെങ്കിൽ ആറ് മാസം വരെ വളർത്താനുള്ള കാലിത്തീറ്റ സൗജന്യമായി നൽകിയിരുന്ന കന്നുക്കുട്ടി പരിപാലന പദ്ധതി പരിമിതമാക്കിയത് കർഷകർക്ക് തിരിച്ചടിയായി. പശുക്കൾക്ക് രോഗം വന്നാൽ മൃഗാശുപത്രി വഴി സൗജന്യ മരുന്ന് നൽകിയിരുന്നതും ഇപ്പോഴില്ല. നാമ മാത്രമായ മരുന്നുകൾ മാത്രമേ മൃഗാശുപത്രിയിലുള്ളൂ. വിലപിടിപ്പുള്ള മരുന്നുകൾ പുറമേ നിന്നും വാങ്ങണം. അതും കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പശുക്കളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതും ദുഷ്കരമായിരിക്കുകയാണ്.
ഗുണമേന്മ പരിശോധനയില്ല
അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന വ്യാജ പാലിന്റെ ഗുണമേന്മ പരിശോധിക്കണമെന്ന പരാതി ഇതുവരെ അന്വേഷിച്ചിട്ടില്ല. പാൽപ്പൊടി കലക്കി പശുവിൻ പാലായി വിതരണം ചെയ്യുന്നത് അടുത്തിടെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.