1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ ദേശീയപതാക ഉയർത്തിയതിനു പിന്നിൽ ഒരു കാരണം ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കളുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിൽ ഗാന്ധിജിയുടെ സമ്മതമില്ലാതെ രാജ്യത്തെ രണ്ടായി കീറിമുറിക്കാൻ മൗണ്ട് ബാറ്റൺ തീരുമാനിച്ചു.
1947 ജൂൺ മൂന്ന് , വൈകുന്നേരം അഖിലേന്ത്യാ റേഡിയോയുടെ ഡൽഹി ആസ്ഥാനത്തിനു മുന്നിൽ മൂന്ന് കാറുകളിലായി വന്നിറങ്ങിയ ലൂയി മൗണ്ട് ബാറ്റണും ജവഹർലാൽ നെഹ്റുവും മുഹമ്മദാലി ജിന്നയും റെക്കോഡിംഗ് റൂമിലേക്ക് കയറിപ്പോയി. കൃത്യം ഏഴുമണി ആയപ്പോൾ റേഡിയോയിലൂടെ ആ വാർത്ത വന്നു. ''ഭാരതത്തെ വിഭജിച്ച് രണ്ട് സ്വതന്ത്രരാഷ്ട്രമാക്കാൻ തീരുമാനിച്ചു"" അറിയിപ്പിന് ശേഷം രാഷ്ട്രവിഭജനത്തെക്കുറിച്ച് ആദ്യം മൗണ്ട് ബാറ്റണും രണ്ടാമത് നെഹ്റുവും മൂന്നാമത് ജിന്നയും റേഡിയോയിലൂടെ ജനങ്ങളോട് സംസാരിച്ചു.
'മൗണ്ട് ബാറ്റൺ പദ്ധതി" എന്നറിയപ്പെട്ട രാഷ്ട്രവിഭജനത്തെ എതിർത്ത ഗാന്ധിജി വാർത്ത അറിഞ്ഞയുടൻ കോൺഗ്രസിൽ നിന്നും രാജിവയ്ക്കാനും വിഭജനത്തെ നിരാകരിക്കാനും തീരുമാനിച്ചു. ഇതറിഞ്ഞ മൗണ്ട് ബാറ്റൺ ഗാന്ധിജിയുമായി ചർച്ച ചെയ്യണമെന്ന ആഗ്രഹം അറിയിച്ചു.
ഗാന്ധിജിയുമായി വിഭജനത്തെക്കുറിച്ച് മൗണ്ട് ബാറ്റൺ ചർച്ച നടത്തി. ആ ചർച്ചയിൽ നവരസങ്ങളിലെ പല ഭാവങ്ങളും മൗണ്ട് ബാറ്റൺ എടുത്തുടുത്ത് അഭിനയിച്ചു. ലോകത്തിൽ ഇന്നോളം ആരും ചെയ്യാത്ത തരത്തിൽ വിഷാദവും കരുണയും ഭയവും വാത്സല്യവുമൊക്കെയായി മൗണ്ട് ബാറ്റൺ ഗാന്ധിജിയുടെ മുന്നിൽ നിറഞ്ഞാടി. മൗണ്ട് ബാറ്റന്റെ അഭിനയത്തിനു മുന്നിൽ നിശ്ശബ്ദനായ ഗാന്ധിജി ഒന്നും പറയാതെ ഇറങ്ങിപ്പോയി.
ഗാന്ധിജിയുടെ മനസ് മാറുന്നതിന് മുമ്പ് വിഭജനത്തെ ഇന്ത്യയിലെ സ്വാതന്ത്ര്യസമര നേതാക്കന്മാരുടെ തലയിലിട്ട് രക്ഷപ്പെടാനായി ഒരു പത്രസമ്മേളനം വിളിക്കാൻ മൗണ്ട് ബാറ്റൺ തീരുമാനിച്ചു. സ്വദേശികളും വിദേശികളുമായ മുന്നൂറോളം പത്രപ്രവർത്തകർ ആ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പത്രസമ്മേളനത്തിന്റെ അവസാന നിമിഷം ഇന്ത്യയിലെ പത്രപ്രവർത്തകൻ ഒരു ചോദ്യം ചോദിച്ചു.''സർ, അധികാര കൈമാറ്റം എത്രയും വേഗം നടത്തുമെന്ന് അങ്ങ് പറഞ്ഞു, അങ്ങനെയെങ്കിൽ അധികാര കൈമാറ്റത്തിന്റെ തീയതി അങ്ങയുടെ മനസിലുണ്ടോ?"
''ഉണ്ട്.""
''എന്നാണ് ആ തീയതി?""
യഥാർത്ഥത്തിൽ അധികാര കൈമാറ്റത്തിന്റെ തീയതി മൗണ്ട് ബാറ്റന്റെ മനസിൽ ഇല്ലായിരുന്നു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഉറച്ച സ്വരത്തിൽ മൗണ്ട് ബാറ്റൺ പറഞ്ഞു - ''1947 ആഗസ്റ്റ് 15 .
ഇന്ത്യയുടെ സ്വാതന്ത്ര്യദിന തീയതി അറിഞ്ഞ് സ്വാതന്ത്ര്യസമര സേനാനികൾ സന്തോഷിച്ചപ്പോൾ, ജനിക്കാൻ പോകുന്ന ഭാരതത്തിന്റെ ജാതകം എഴുതാനായി സ്വാതന്ത്ര്യദിന തീയതിയെ കൂട്ടിയും കുറച്ചും ഗണിച്ചും ഗുണിച്ചും നോക്കിയ ജ്യോതിഷികൾ നിരാശരായി. ഇന്ത്യയിലെ അന്നത്തെ പ്രശസ്തനായ സന്യാസിയായിരുന്നു കൽക്കട്ടയിലെ സ്വാമി മദനാനന്ദ്. അദ്ദേഹം 1947 ആഗസ്റ്റ് 15 ന് ജനിക്കുന്ന ഇന്ത്യയുടെ ജാതകം 'നവാംശക രേഖാചിത്ര"ത്തിൽ തിരഞ്ഞു. ആഗസ്റ്റ് 15 ഇന്ത്യ മകരം രാശിയിലാണ്. അടങ്ങാത്ത വിരോധം അതിന്റെ പ്രത്യേകതയാണ്. 'കഴുത്തില്ലാത്ത ഗ്രഹം" എന്നു വിളിക്കുന്ന രാഹുവിന്റെ ആധിപത്യവും ശനിയുടെ സ്വാധീനവും ആ ദിവസത്തിനുണ്ട്. രണ്ടും വളരെ മോശമാണ്. ആഗസ്റ്റ് 14 അർദ്ധരാത്രി മുതൽ ആഗസ്റ്റ് 15 മുഴുവനും ശനിയും വ്യാഴവും ശുക്രനും ഒൻപതാം രാശിയിൽ കർമ്മസ്ഥാനത്താണ്.
സ്വാമി മദനാനന്ദ് മൗണ്ട് ബാറ്റണും നെഹ്റുവിനും ഓരോ സന്ദേശമയച്ചു. ''ദൈവത്തെയോർത്ത് ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കരുത്. വെള്ളപ്പൊക്കവും വരൾച്ചയും ക്ഷാമവും ദാരിദ്ര്യവും ഉണ്ടാവുകയാണെങ്കിൽ അത് നക്ഷത്രങ്ങൾ ശപിച്ച ദിവസം സ്വതന്ത്ര ഇന്ത്യ ജനിക്കുന്നതു കൊണ്ടായിരിക്കും." ജ്യോതിഷികളുടെ അഭ്യർത്ഥനകളെ മൗണ്ട് ബാറ്റണും നെഹ്റുവും തള്ളിക്കളഞ്ഞു.
വിഭജനത്തിന്റെ ഭാഗമായി അധികാരത്തിന്റെ അലങ്കാരദണ്ഡ് മുതൽ തുപ്പൽ കോളാമ്പിവരെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ വീതം വയ്ക്കാൻ തുടങ്ങി. ബാങ്കുകളുടെ കലവറയിലും നിലവറയിലും സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ പതിനേഴര ശതമാനം അവകാശം വേണമെന്ന് തർക്കിച്ച് തർക്കിച്ച് പാകിസ്ഥാൻ നേടിയെടുത്തു. എന്നാൽ ഇന്ത്യ വിടുമ്പോൾ 500 കോടിയോളം ഡോളറിന്റെ കടബാദ്ധ്യത ബ്രിട്ടൺ ഉണ്ടാക്കിവച്ചിരുന്നു. ഈ കടബാദ്ധ്യതയുടെ പതിനേഴര ശതമാനം ഏറ്റെടുക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പാകിസ്ഥാൻ നിരസിച്ചു. 500 കോടി ഡോളറിന്റെ കടബാദ്ധ്യത ഇന്ത്യയുടെ മാത്രം തലയിലായി. ഈ വാർത്ത അറിഞ്ഞപ്പോൾ ജ്യോതിഷികൾ വീണ്ടും മൗണ്ട് ബാറ്റണ് കത്തയച്ചു. ''ദയവായി ആഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കരുത്. മറ്റൊരു തീയതി കണ്ടെത്തണം. അല്ലെങ്കിൽ ഇന്ത്യ കടക്കെണിയിൽ പെടും." ജ്യോതിഷികളുടെ വാദത്തോട് ആദ്യം പുറംതിരിഞ്ഞ് നിന്ന ചില നേതാക്കളും അനുകൂലമായി ചിന്തിച്ചുതുടങ്ങി.
സ്വാതന്ത്ര്യദിന തീയതി മാറ്റിയാലോ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ലൂയി മൗണ്ട് ബാറ്റന്റെ ദുരഭിമാനം തീയതി മാറ്റാൻ അനുവദിച്ചില്ല. അവസാനം ഒരു ഒത്തുതീർപ്പിലെത്തി.
ആഗസ്റ്റ് 14 ന് അർദ്ധരാത്രി കഴിഞ്ഞാലേ ഇന്ത്യ മകരരാശിയിലേക്ക് കടക്കൂ. അതുകൊണ്ട് മകരം രാശിയിൽ കടക്കുന്നതിനു മുമ്പ് അർദ്ധരാത്രിയിൽ ദേശീയപതാക ഉയർത്താം. പതിനാലാം തീയതി രാത്രി പത്തുമണി കഴിഞ്ഞാൽ പതിനഞ്ചാം തീയതിയായി കണക്കാക്കുമ്പോൾ ലൂയി മൗണ്ട് ബാറ്റന്റെ തീരുമാനത്തിൽ മാറ്റം വരികയുമില്ല. അങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ആഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ ദേശീയ പതാക ഉയർത്തിയത്.