പാലോട്: പട്ടിണിയിലായി പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ബ്രൈമൂർ ഗോൾഡൻ വാലി എസ്റ്റേറ്റിലെ 150 ലേറെ തൊഴിലാളികുടുംബങ്ങൾ. സർക്കാർ നൽകുന്ന സൗജന്യ റേഷൻ മാത്രമാണ് ഇന്ന് ഇവരുടെ വിശപ്പകറ്റാനുള്ള ഏകമാർഗം. ബ്രൈമൂർ ഗോൾഡൻ വാലി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ വർഷങ്ങളായി തൊഴിൽ നഷ്ട്ടപ്പെട അവസ്ഥയിൽ അർദ്ധപട്ടിണിയിലാണ് കഴിയുന്നത്. പൊട്ടിപ്പൊളിഞ്ഞതും ചോർന്നൊലിക്കുന്നതുമായ ലയങ്ങളിലാണ് ഇവരുടെ താമസം. ചെറിയ കാറ്റടിച്ചാൽ പോലും ഭയത്തോടെ കഴിയേണ്ട അവസ്ഥയിലാണ് ഇവർ. ബ്രട്ടീഷുകാരുടെ കാലത്ത് പണിത ഈ ലയങ്ങൾ ഏത് സമയവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ്. ഒന്നിടിഞ്ഞ് വീഴുമ്പോൾ അടുത്ത ലയത്തിലേക്ക് താമസം മാറ്റുന്നതാണ് പൊതുവേയുള്ള രീതി. ശൗചാലയങ്ങൾ പകർച്ചവ്യാധികളുടെ സങ്കേതമാണ്. പഞ്ചായത്തിന്റെ ഇടപെടൽ കൊണ്ട് ലയങ്ങളിൽ വൈദ്യുതി ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം പോലും ഇല്ലാത്തതിനാൽ ചിലർ വാടകവീടുകളിലേക്ക് താമസം മാറ്റി. അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കുന്നതിനായി നിലവിൽ റിലീഫ് ഫണ്ട് ഇനത്തിൽ രണ്ടര കോടി രൂപ അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം ഒന്നും നടന്നില്ല. ആകാശത്ത് മഴക്കാറു കണ്ടാൽ ഇവിടുള്ളവരുടെ ഉള്ളം പിടയും.
തമിഴ്നാട്ടിൽ നിന്നു എത്തിയ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ പണിയെടുത്തത്.വിദേശിയായ എഡ്വേഡ് വിൽമൂനിന് ശേഷം നാട്ടുകാർ തോട്ടം ഏറ്റെടുത്തതോടെ പട്ടിണിയുടെ ഗന്ധമാണ് ഇവിടുള്ളത്. ഭൂരിഭാഗം തൊഴിലാളികളും തിരികെ മടങ്ങുകയും ശേഷിക്കുന്നവർ തുച്ഛമായ വരുമാനത്തിലുമാണ് ജോലിയെടുക്കുന്നത്. ഇവിടത്തെ തൊഴിലാളികളിൽ 90 കഴിഞ്ഞ വെള്ളാച്ചിയമ്മയും പേച്ചിയമ്മയുമാണ് ഏറ്റവും പ്രായം ചെന്നവർ.