1

പൂവാർ: തീരദേശത്തെ യുവാക്കളുടെയും കുട്ടികളുടെയും ആശയും ആവേശവുമായ സ്റ്റേഡിയങ്ങളാണ് കെവിഡ് രോഗ വ്യാപനത്തെ തുടർന്ന് ലോക്കിലായിരിക്കുന്നത്. തീരത്തെ പ്രധാന വിനോദ ഉപാധിയാണ് കാൽപ്പന്തുകളി. ആദ്യകാലങ്ങളിൽ വിനോദമായുന്നുവെങ്കിലും ഇന്ന് കാൽപ്പന്തുകളി തീരദേശ വാസികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. വിശാലമായ കടൽക്കരയിലെ മണൽപ്പരപ്പിൽ ഏറ്റവും കുറഞ്ഞത് 500 മീറ്റർ അകലെയായി എവിടെയും കാണാനാകും ഒരു സ്റ്റേഡിയം. എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഈ സ്റ്റേഡിയങ്ങൾ കളിക്കാരെയും കാഴചക്കാരെയും കൊണ്ട് നിറയും. പലപ്പോഴും നാളുകൾ നീളുന്ന പ്രാദേശിക ഉത്സവങ്ങളായും ഇവിടങ്ങളിലെ സ്റ്റേഡിയങ്ങൾ മാറാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കേരളത്തിന്റെ തെക്കേയറ്റത്തെ തീരദേശ ഗ്രാമപഞ്ചായത്താണ് കുളത്തൂർ. കാൽപ്പന്തുകളിയിലൂടെ കേരളത്തിന്റെ 'സന്തോഷ് ട്രോഫി ഗ്രാമം' എന്നറിയപ്പെട്ട നാടാണ് കുളത്തൂരിലെ പൊഴിയൂർ. നിരവധി സ്റ്റേഡിയങ്ങൾ പൂവാർ തീരത്ത് സജീവമായിരുന്നു. അതിൽ സെന്റ് ബർത്തലോമിയ ഫുഡ്ബാൾ അക്കാഡമിയും സ്റ്റേഡിയവും വേറിട്ട മികവ് പുലർത്തുന്ന ഒന്നാണ്. 300 ഓളം കുട്ടികളാണ് ഈ സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നത്. സ്കൂൾ കോളേജ് തലങ്ങളിൽ മത്സരിക്കുന്നവർക്ക് ആവശ്യമായ പ്രത്യേക പരിശീലനവും ഇവിടെ നിന്നും ലഭിച്ചിരുന്നു. വളർന്നു വരുന്ന കായിക താരങ്ങളുടെ ഭാവി ഇരുളടയാതിരിക്കണമെങ്കിൽ കൊവിഡ് മനദണ്ഡങ്ങൾ പാലിച്ച് സ്റ്റേഡിയങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകണമെന്ന് സെന്റ് ബർത്തലോമിയ ഫുഡ്ബാൾ അക്കാഡമി ചെയർമാൻ റീഗൻ അലക്സ് പറഞ്ഞു.

കരുംകുളം ഗ്രാമപഞ്ചായത്തിലെ പുതിയതുറ പുത്തൻ തോപ്പിൽ പ്രവർത്തിച്ചിരുന്ന ജയ്‌ഹിന്ദ് സ്റ്റേഡിയം, പുല്ലുവിള ലിയോ തേർട്ടീൻത്ത് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം തുടങ്ങിയവ നിരവധി കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവയാണ്. തീരദേശ ഗ്രാമ പഞ്ചായത്തുകളായ കുളത്തൂർ, പൂവാർ, കരുംകുളം പഞ്ചായത്തുകളിൽ ചെറുതും വലുതുമായ പതിനഞ്ചോളം സ്റ്റേഡിയങ്ങളാണ് ലോക്ക് ഡൗണും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണും ആയതിനാൽ പൂട്ടിക്കിടക്കുന്നത്. ഇവയെല്ലാം എത്രയും വേഗം തുറക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് തീരദേശവാസികൾ.