തിരുവനന്തപുരം: നികുതി വരുമാനം കുറഞ്ഞാൽ, ആ നഷ്‌ടം കേന്ദ്രം നികത്തുമെന്ന വ്യവസ്ഥ സംസ്ഥാനങ്ങളെ മടിയന്മാരാക്കുന്നു. 2015-16 അടിസ്ഥാനവർഷമാക്കി, നികുതി വരുമാനത്തിൽ വളർച്ച 14 ശതമാനത്തിന് താഴെയാണെങ്കിൽ അഞ്ചുവർഷത്തേക്ക് നഷ്‌ടപരിഹാരം കേന്ദ്രം നൽകുമെന്നതാണ് വ്യവസ്ഥ. കേന്ദ്രം ഈടാക്കുന്ന സെസ് വഴിയാണ് നഷ്‌ടപരിഹാരം നൽകുന്നത്. എന്നാൽ, ഇതുവരെ സെസ് ഇനത്തിൽ കേന്ദ്രത്തിന് കിട്ടിയത് 95,444 കോടി രൂപയാണ്; നഷ്‌ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് കൊടുത്തത് 1.65 ലക്ഷം കോടി രൂപയും!
കൊവിഡ് മൂലം നികുതി പിരിവ് കുറഞ്ഞിട്ടുണ്ട്; സെസും കുറഞ്ഞു. സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനാവാത്ത സ്ഥിതിയാണുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്‌തു. നഷ്‌ടപരിഹാരം നൽകാൻ ഇനി വായ്‌പ എടുത്താൽ, അത് വീട്ടാനായി കൂടുതൽ ഉത്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തേണ്ടി വരും. ജനങ്ങൾക്ക് തിരിച്ചടിയാകുമെന്നതിനാൽ ആ നീക്കം തത്കാലം കേന്ദ്രം എടുക്കില്ല.
നിലവിലെ 14 ശതമാനം നഷ്‌ടപരിഹാര വ്യവസ്ഥ അപ്രസക്തമാണെന്ന വാദമുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി നേട്ടമാകേണ്ടതാണ്. നഷ്‌ടം വരേണ്ടത് ഉത്പാദക സംസ്ഥാനങ്ങൾക്കാണ്. ഈ നഷ്‌ടം നികത്താൻ അന്തഃസംസ്ഥാന വ്യാപാരത്തിന് പ്രത്യേക നികുതി ഈടാക്കാമെന്ന ധാരണ മാറ്റിയാണ് 14 ശതമാനം വളർച്ച കണക്കാക്കി എല്ലാ സംസ്ഥാനങ്ങൾക്കും നഷ്‌ടപരിഹാരം നൽകാൻ തീരുമാനമായത്. ഇത്, കേരളത്തിന് നേട്ടമായി.
നികുതി വളർച്ച മുമ്പുമില്ല
ജി.എസ്.ടിക്ക് മുമ്പ്, 2010-16 കാലയളവിൽ മൂന്നുതവണ മാത്രമാണ് കേരളം 14 ശതമാനത്തിലധികം നികുതി വരുമാന വളർച്ച നേടിയത്. 2010ൽ 12.25%, 2014ൽ 10.55%, 2015ൽ 12.15%, 2016ൽ 10.13 ശതമാനം എന്നിങ്ങനെയായിരുന്നു വളർച്ച.
മുഷിയാൻ മനസില്ല
വ്യാപാര-വാണിജ്യ സമൂഹത്തിൽ നിന്ന് നികുതി കൃത്യമായി പിരിക്കാൻ സംസ്ഥാനങ്ങൾക്ക് ഇപ്പോഴും മടിയാണ്. വാറ്റ് കുടിശികയായി നിരവധി സംസ്ഥാനങ്ങൾക്ക് കോടിക്കണക്കിന് രൂപ കിട്ടാനുണ്ട്. ജി.എസ്.ടിയിൽ 14 ശതമാനം വളർച്ചയില്ലെങ്കിൽ കേന്ദ്രം വീട്ടുമെന്ന വ്യവസ്ഥയാണ് സംസ്ഥാനങ്ങൾ മുതലെടുക്കുന്നത്.