b

കടയ്ക്കാവൂർ: കായിക്കര കിഴക്കുവിളാകം സ്വദേശിയായ വീണാ സൂനുവിന് ടയർ വെറുമൊരു പാഴ്‌വസ്തുവല്ല. മറിച്ച് ഭാംഗിയുള്ള ചെടിച്ചട്ടികളും ഗ്രോ ബാഗുകളുമാണ്. ഉപയോഗശൂന്യമായ ടയറുകൾ വീണയുടെ വീട്ടിലെ പൂന്തോട്ടത്തിലും കൃഷിയിടങ്ങളിലും ഭംഗിയുളള താമരച്ചട്ടികളായി. കൊവിഡ് കാലത്ത് ചെടിച്ചട്ടികളും ഗ്രോബാഗുകളും നിറച്ച് പച്ചക്കറിത്തൈകൾ നടുന്ന തിരക്കിലാണ് പലരും. ഭംഗിയായി മുറിച്ചെടുത്താൽ താമരയുടെ രൂപത്തിലായിരിക്കും ടയർ ചട്ടികൾ. ടയറിന്റെ ഒരു വശം കത്തി ഉപയോഗിച്ച് സിഗ്–സാഗ് രീതിയിൽ മുറിച്ചശേഷം മറിച്ചിട്ടാണ് ചെടിച്ചട്ടിയുണ്ടാക്കുന്നത്. അടിവശം കയറുകൊണ്ട് ഇഴ കെട്ടിയാൽ പ്ലാസ്റ്റിക് വിരിച്ച് മുകളിൽ നടീൽ മിശ്രിതം നിറയ്ക്കാം. വെള്ളം കെട്ടി നിൽക്കുകയുമില്ല. അഞ്ചുതെങ്ങ് ലോക്ക്ഡൗൺ ആയതോടെ കായിക്കര ആശാൻ സ്മാരകത്തിനടുത്ത് വീണയ്ക്കുണ്ടായിരുന്ന ഫാൻസി, ഫോട്ടോസ്റ്റാറ്റ് സ്ഥാപനം അടച്ചിടേണ്ടിവന്നതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ചെലവ് കുറഞ്ഞ രീതിയിൽ മനോഹരമായ ചെടിച്ചട്ടികൾ എന്ന ആശയമാണ് ടയർ ചട്ടികൾക്ക് രൂപം നൽകിയത്. ഭർത്താവ് സൂനുവും മക്കളായ ആരോമലും അർജുനും പിന്തുണയായുണ്ട്.