p-sreeramakrishnan

തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയ നോട്ടീസ് ചർച്ച ചെയ്യുമ്പോൾ സഭയിലെ ഭൂരിപക്ഷവും പ്രധാനമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പീക്കറെ നീക്കാനാവശ്യപ്പെട്ടുള്ള പ്രമേയം ചർച്ചയ്ക്കെടുക്കാനിടയായാൽ സ്പീക്കർക്ക് സ്ഥാനത്ത് തുടരാൻ അർഹതയുണ്ടോയെന്ന വാർത്താലേഖകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സ്പീക്കറെ നീക്കാനാവശ്യപ്പെട്ട് പ്രതിപക്ഷം നൽകുന്ന പ്രമേയ നോട്ടീസ് സാങ്കേതികമായ നടപടിക്രമം പാലിച്ചല്ലെങ്കിൽ തള്ളേണ്ടി വരും. ചട്ടവും കീഴ്‌വഴക്കവും പാലിച്ച് 14 ദിവസം മുമ്പ് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ ഒരു ദിവസത്തേക്ക് ചേരുന്ന നിയമസഭാസമ്മേളനത്തിലും അത് അനുവദിക്കുന്നതിന് തടസ്സമുണ്ടാവില്ല. 24നാണ് ധനകാര്യബിൽ പാസ്സാക്കുന്നതിനായി ഏകദിന സമ്മേളനം ചേരുന്നത്. സ്പീക്കർക്കെതിരായ നോട്ടീസോ, സർക്കാരിനെതിരായ അവിശ്വാസപ്രമേയ നോട്ടീസോ ഇതുവരെ ലഭിച്ചിട്ടില്ല. നോട്ടീസ് നൽകാൻ സമയം നൽകാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ സഭ വിളിച്ചു ചേർത്തത് സ്പീക്കറല്ല. സ്പീക്കർക്ക് അതിൽ റോളില്ല. സർക്കാരിനാണ് സഭ വിളിച്ചുചേർക്കാനുള്ള അധികാരം. പ്രതിപക്ഷവുമായി ചർച്ച ചെയ്താണ് തിയതി നിശ്ചയിക്കുന്നത്.

സഭാഹാളിന് പിൻനിരയിൽ 24 കസേരകൾ അധികമായി ക്രമീകരിച്ചാണ് സാമൂഹ്യ അകലം പാലിച്ച് സഭ ചേരുക. സഭാജീവനക്കാർ പി.പി.ഇ കിറ്റ് ധരിച്ചാണ് സഭയിലെത്തുകയെന്നും സ്പീക്കർ പറഞ്ഞു.