story-photo

തിരുവനന്തപുരം: പെട്ടിമുടിയിൽ മഴ തോർന്നെങ്കിലും ഹേമലതയുടെയും ഗോപികയുടെയും മനസിലെ നൊമ്പര പെയ്ത്ത് തോർന്നില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഉരുൾ വെള്ളം അച്ഛനെയും അമ്മയെയും ഉറ്റ ബന്ധുക്കളെയും കൊണ്ടുപോയെന്നറിഞ്ഞതല്ലേ...

മണ്ണിനടിയിലെവിടെയോ അച്ഛൻ ഗണേശനും അമ്മ തങ്കവും ഇപ്പോഴുമുണ്ട്. ചേതനയറ്റ ശരീരം അവസാനമായൊന്ന് കാണണമെന്ന മോഹത്തോടെ ബന്ധുവീട്ടിൽ നെഞ്ചുരുകി കാത്തിരിക്കുകയാണ് ഇരുവരും. ഇവരുടെ കുടുംബത്തിലെ 14 പേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്ടമായത്.

സംഭവം നടന്നപ്പോൾ ഹേമലതയും ഗോപികയും ഗണേശന്റെ സഹോദരിയുടെ മകളായ ലേഖയുടെ തിരുവനന്തപുരം പട്ടം ഐത്തിക്കോണത്തെ വീട്ടിലായിരുന്നു. മെഡിക്കൽ കോളേജിലെ സ്റ്രാഫ് നഴ്സായ ലേഖയുടെ വീട്ടിൽ നിന്ന് പഠിക്കുകയാണ്. ഹേമലത രണ്ട് വർഷം മുൻപും ഗോപിക കഴിഞ്ഞ വർഷവും എത്തി. പ്ലസ് ടു പാസായ ഹേമലത ഡിഗ്രിക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. ഗോപിക പട്ടം സെന്റ് മേരീസിൽ പ്ലസ് ടു വിദ്യാർത്ഥിനി.

വേനൽ അവധിക്ക് ലേഖയുടെ മക്കളുമൊത്ത് ഇരുവരും പെട്ടിമുടിയിലെത്തിയിരുന്നു. ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ ജൂൺ രണ്ടിന് തിരികെപ്പോന്നു. അപകടത്തിന് രണ്ട് ദിവസം മുൻപ് ഇരുവരും മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ ലഭിക്കാതായപ്പോൾ, പെട്ടിമുടിയിൽ പതിവായ മൊബൈൽ ടവർ തകരാറാകാമെന്നു കരതി. ഇനിയൊരിക്കലും അവരുടെ ഫോൺവിളി വരില്ലെന്ന ദുരന്തവാർത്ത ടി.വിയിൽ കണ്ടപ്പോഴാണറിയുന്നത്.

മൂന്നാർ ടൗണിലുള്ള അപ്പച്ചിയുടെ വീട്ടിലാണ് ഇവരിപ്പോൾ. ഇനി ബന്ധുക്കളെന്ന് പറയാൻ വിരലിലെണ്ണാവുന്നവരേ ബാക്കിയുള്ളൂ. മൺകൂന മാത്രം അവശേഷിക്കുന്ന പെട്ടിമുടിയിലേക്ക് ഹേമലതയും ഗോപികയും ഇതുവരെ പോയില്ല. തങ്ങളെ തനിച്ചാക്കിയ താഴ്‌വാരം അത്രമേൽ ഇവരുടെ മനസിൽ മുറിവേൽപ്പിച്ചിരിക്കുന്നു.