മുഖപ്രസംഗം
................................
ഉന്നത ഉദ്യോഗസ്ഥന്മാർ തങ്ങളുടെ അധികാര പരിധിയും കടന്ന് സ്വതന്ത്ര തീരുമാനങ്ങളുമായി മുന്നോട്ടു പോയാൽ കുടുക്കിൽ ചാടുന്നത് പലപ്പോഴും സർക്കാർ തന്നെയായിരിക്കും. തക്കസമയത്ത് അതൊക്കെ കണ്ടുപിടിച്ചു തടയേണ്ട ചുമതല ഭരണാധികാരിക്കു തന്നെയാണ്. പരിധിയും കടന്നുള്ള അധികാരം പ്രയോഗിക്കുന്നത് അധികാര ദുർവിനിയോഗം തന്നെയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന് അധികാരം ഏറെ ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ സസ്പെൻഷൻ ഏറ്റുവാങ്ങേണ്ടി വന്ന ശിവശങ്കറിന്റെ പല ചെയ്തികൾക്കും സർക്കാർ സമാധാനം പറയേണ്ട അവസ്ഥ വന്നുചേർന്നിരിക്കുകയാണ്. 2018-ലെ മഹാപ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ലൈഫ് പദ്ധതിയിൽ പെടുത്തി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ടാണ് സർക്കാരിനെ കുരുക്കിലാക്കുന്ന പുതിയ വിവാദം. കോളിളക്കമുണ്ടാക്കിയ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഈ ഫ്ളാറ്റ് നിർമ്മാണത്തിനുള്ള കരാർ ഏറ്റെടുത്ത കമ്പനിയിൽ നിന്ന് ഒരുകോടി രൂപ കമ്മിഷൻ ഇനത്തിൽ വാങ്ങി എന്നതു മാത്രമല്ല ഇടപാടു വിവാദമാകാൻ കാരണം. പദ്ധതിയുമായി ബന്ധപ്പെട്ട ഫയൽ നീക്കത്തിന് സെക്രട്ടേറിയറ്റിൽ ലഭിച്ച പരിഗണനയും ശരവേഗവും പൊതുസമൂഹത്തിൽ ചർച്ചയാണിപ്പോൾ.
നിയമ വകുപ്പിന്റെ സ്വാഭാവിക സംശയങ്ങൾ പോലും തട്ടിനീക്കി മണിക്കൂറുകൾക്കകം ഫയലിൽ തീർപ്പുണ്ടായത് ശിവശങ്കർ ഇടപെട്ടതുകൊണ്ടാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. പാവങ്ങളുടെ കിടപ്പാടവുമായി ബന്ധപ്പെട്ട ഫയൽ ഒരിടത്തും കുരുങ്ങിക്കിടക്കരുതെന്ന വിചാരം നല്ലതുതന്നെ. എന്നാൽ അത്തരത്തിലൊരു ആഗ്രഹമുണ്ടായതിനു പിന്നിലും നല്ലതല്ലാത്ത ചില സ്വാർത്ഥ ലക്ഷ്യങ്ങളുമുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ കരാർ എടുത്ത കമ്പനിയിൽ നിന്ന് സ്വപ്ന സുരേഷ് കമ്മിഷനായി അടിച്ചെടുത്തത് ഒരു കോടി രൂപയാണത്രെ. ഇത്തരത്തിലുള്ള കരാർ ഇടപാടുകളിൽ കമ്മിഷനും കിമ്പളവുമൊക്കെ സാധാരണമാണെന്നാണ് കമ്പനി ഉടമയുടെ നിലപാട്.
ദുബായിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റാണ് ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണച്ചെലവ് വഹിക്കുന്നത്. ഫ്ളാറ്റുകൾ കൂടാതെ ഹെൽത്ത് സെന്ററും ഒപ്പമുണ്ട്.
രണ്ടിനും കൂടി 20 കോടി രൂപയാണു ചെലവ് കണക്കാക്കിയത്. നിർമ്മാണ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം അടങ്ങിയ ഫയൽ നിയമ സെക്രട്ടറിയുടെ മുമ്പിലെത്തി. വിദേശത്തുള്ള സന്നദ്ധ സംഘടനയിൽ നിന്നുള്ള സഹായമായതിനാൽ അതുമായി ബന്ധപ്പെട്ട കാതലായ ചില സംശയങ്ങൾക്കു വ്യക്തത വേണമെന്നായിരുന്നു നിയമ വകുപ്പിന്റെ നിലപാട്. എന്നാൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെട്ടതോടെ മണിക്കൂർ കൊണ്ട് പരിശോധനകളെല്ലാം ധൃതഗതിയിൽ പൂർത്തിയായി. അന്തിമ തീരുമാനവുമുണ്ടായി. പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതല തദ്ദേശ വകുപ്പിനാണ്. എന്നാൽ ഈ കേസിൽ ധാരണാപത്രവുമായി ബന്ധപ്പെട്ട ഫയൽ തദ്ദേശ വകുപ്പ് കണ്ടിട്ടുപോലുമില്ലെന്നാണു പറയുന്നത്.
സെക്രട്ടേറിയറ്റിൽ വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ ലക്ഷത്തിനും മേലെയാണ്. ഇടയ്ക്കിടെ അതു വാർത്തയാകാറുമുണ്ട്. ഇതിനിടയിലും വേണമെന്നുവച്ചാൽ നിയമക്കുരുക്കുള്ള ഫയലുകളിലും അതിവേഗം തീരുമാനമുണ്ടാകുമെന്നതിനു തെളിവാണ് ഈ വിവാദ ഫയൽ. ഇടനിലക്കാരുണ്ടെങ്കിലേ വേഗത്തിൽ ഫയൽ നീക്കം നടക്കൂ എന്നു വരുന്നത് ഭരണം സുതാര്യമാകണമെന്ന് ആഗ്രഹിക്കുകയും അതിനായി ശാഠ്യബുദ്ധി കാണിക്കുകയും ചെയ്യുന്ന സർക്കാരിന് ഒട്ടും തന്നെ ഭൂഷണമല്ല. ഭരണത്തിന്റെ ഇടനാഴികളിൽ അധികാര ദല്ലാൾമാർ മേയാൻ തുടങ്ങിയാൽ തകരുന്നത് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസമാകും.
ഭരണ നടപടികൾ പരമാവധി സുതാര്യമാണെന്നു ഉറപ്പാക്കാനായാൽ അധികാര ദുർവിനിയോഗം നല്ലതോതിൽ തടയാനാകും. കരാറുകൾക്കു പിന്നിലെ അഴിമതി ഇവിടെ മാത്രമല്ല ഉള്ളത്. ലോകത്തെവിടെയും അതു കാണാനാകും. എന്നാൽ അതിനിടയാക്കുന്ന സാഹചര്യങ്ങൾ സർക്കാർ മനസ്സുവച്ചാൽ നിയന്ത്രിക്കാനാകും. വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു രൂപ പോലും നഷ്ടമാകുകയില്ലെന്നു പറയുന്നതിൽ കഥയില്ല. സർക്കാരിനെ വിശ്വസിച്ചാണ് റെഡ്ക്രസന്റ് പണം നൽകുന്നത്. അതിൽ നിന്ന് ഒരു കോടി രൂപ കമ്മിഷൻ നൽകേണ്ടിവരുമ്പോൾ പരോക്ഷമായിട്ടെങ്കിലും നഷ്ടമുണ്ടാകുന്നത് ഗുണഭോക്താക്കൾക്കാവും. ഏതു കുത്സിത മാർഗത്തിലൂടെയും പണമുണ്ടാക്കാനുള്ള ചിലരുടെ ദുഷ്പ്രവൃത്തികൾക്ക് സർക്കാർ അറിഞ്ഞോ അറിയാതെയോ വഴി തുറന്നിടരുതായിരുന്നു.
സർക്കാരിന്റെ ഭാഗം തന്നെയായ ഉന്നത ഉദ്യോഗസ്ഥന്മാരുടെ വീഴ്ചകൾക്കും സമാധാനം പറയേണ്ടിവരുന്നത് ഭരണാധികാരികൾ തന്നെയാകും. അതുകൊണ്ടാണ് മന്ത്രിമാർ സദാ ഉണർന്നിരിക്കണമെന്നു പറയാറുള്ളത്. തങ്ങളുടെ വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി അവർ അറിഞ്ഞിരിക്കണം. പിഴവു പറ്റി എന്ന വിവരം പുറത്താകുമ്പോൾ ഉദ്യോഗസ്ഥരെ പഴിചാരി മുഖം രക്ഷിക്കാൻ ശ്രമിച്ചിട്ടു കാര്യമില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പോലെ തന്നെ പ്രധാനമാണ് ബ്യൂറോക്രസിയുടെ മേൽ ഭരണകൂടത്തിനുള്ള അധീശത്വം. ജനങ്ങളോട് സമാധാനം പറയേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്കേ ഉള്ളൂ. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥ പ്രമുഖർ വഴിതെറ്റുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയും അവർക്കു തന്നെയാണ്. ഫ്ളാറ്റ് വിവാദത്തിനു പിന്നിലും പ്രകടമായ ജാഗ്രതക്കുറവു കാണാം.