കാട്ടാക്കട: അവഗണനയുടെ വികൃതമുഖമാണ് നെയ്യാർ ഡാം - വെള്ളറട റോഡിന്റെത്. കാട്ടാക്കടയിൽ നിന്ന് തുടങ്ങുന്ന ഈ റോഡിലൂടെ ദിവസവും ജനപ്രതിനിധികളും പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരുമുൾപ്പടെയുള്ളവർ കടന്നുപോകാറുണ്ടെങ്കിലും ആരും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. മലയോരത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുർവിധി. വലിയ കുഴികളിൽ വീണ് യാത്രാർക്ക് പരിക്കേൽക്കുന്നതും വാഹനങ്ങൾക്ക് തകരാറുണ്ടാകുന്നതുമെല്ലാം ഇവിടെ പതിവാണ്.
തിരക്കുള്ള സ്വകാര്യ - സർക്കാർ ആശുപത്രികളുടെ ഇടയ്‌ക്കായതിനാൽ ഇവിടത്തെ കുഴികളിൽ വാഹനങ്ങൾ മറിഞ്ഞും കൂട്ടിയിടിച്ചും അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടക്കുമെങ്കിലും എല്ലാം പ്രഹസനമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പലപ്പോഴും വാഹനങ്ങൾ പോകുമ്പോൾ മെറ്റലും ചെളിയും വഴിയാത്രകരുടെ ദേഹത്ത് പതിക്കും. ഇങ്ങനെ പരിക്കേറ്റവരും ധാരാളമുണ്ട്. റോഡിനിരുവശത്തുമുള്ള പാർക്കിംഗും അപകടസാദ്ധ്യത കൂട്ടുന്നു.
മഴ മാറി വെയിൽ വന്നാലും ദുരിതം തീരില്ല. വെയിലിൽ ചെളി പൊടിക്ക് വഴിമാറും. മഴയുടെ പേര് പറഞ്ഞ് ടാറിംഗ് നീട്ടുവാണെന്നും പരാതിയുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.