ചിറയിൻകീഴ്: പെരുമാതുറ - അഞ്ചുതെങ്ങ് തീരദേശ ഗ്രാമങ്ങളുടെ വികസനത്തിന് പുത്തൻ സാദ്ധ്യതകൾ സൃഷ്ടിക്കുന്ന
മുതലപ്പൊഴി ടൂറിസം പദ്ധതി അവഗണനയിൽ. കൊവിഡ് 19ന് മുമ്പ് ദിനംപ്രതി നിരവധി സഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന ഇടമാണ് മുതലപ്പൊഴി. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടം കൊവിഡ് നിയന്ത്രണത്തെ തുടർന്നാണ് വിജനമായത്. പാലവും പെരുമാതുറ - താഴംപള്ളി ബീച്ചുകളും ഹാർബറുമെല്ലാം സഞ്ചാരികൾക്ക് പ്രകൃതി ഭംഗിയുടെ പുത്തൻകാഴ്ചകളാണ് സമ്മാനിക്കുന്നത്. എന്നാൽ മുതലപ്പൊഴിയെ ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമായി മാറ്റാനുള്ള പദ്ധതികൾക്ക് വേഗം പോരെന്നാണ് ആക്ഷേപം. മൂന്ന് കോടി രൂപയുടെ പദ്ധതിക്കാണ് 2019 ആഗസ്റ്റിൽ വിനോദ സഞ്ചാര വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ പദ്ധതിയുടെ അനുബന്ധ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് പാറ കൊണ്ട് പോകുന്നതിനായി വാർഫ് നിർമ്മിക്കാൻ ടൂറിസത്തിനായി കണ്ടെത്തിയ സ്ഥലം സർക്കാർ അദാനി ഗ്രൂപ്പിന് വിട്ടുനൽകി. പ്രതിഷേധം ശക്തമായതോടെ ടൂറിസം അധികൃതരും പ്രദേശവാസികളുമായി നടത്തിയ ചർച്ചയിൽ വാർഫ് നിർമ്മാണത്തോടൊപ്പം മുതലപ്പൊഴി ടൂറിസം പദ്ധതിയും ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. തുടർന്ന് പുതുക്കിയ പദ്ധതി നിർദ്ദേശം ടൂറിസം വകുപ്പ് ഡയറക്ടർ വർക്കിംഗ് ഗ്രൂപ്പ് മുമ്പാകെ അംഗീകാരത്തിനായി സമർപ്പിച്ചു. തുടർന്നാണ് വിനോദ സഞ്ചാര വകുപ്പ് മൂന്ന് കോടി രൂപ അനുവദിച്ച് വീണ്ടും ഉത്തരവിറക്കിയത്.
കാഴ്ചയുടെ വിരുന്നൊരുക്കി
-------------------------------------------------
പ്രകൃതി സൗന്ദര്യത്താൽ സമൃദ്ധമായ തീരമാണ് മുതലപ്പൊഴി. വാമനപുരം നദി കായലുമായി ചേർന്ന് അറബിക്കടലിൽ ലയിക്കുന്ന സംഗമ സ്ഥലമാണിവിടം. മുതലപ്പൊഴിക്ക് ഇരുവശവും ഇരുകരകളായി കഴിഞ്ഞിരുന്ന പെരുമാതുറ- താഴംപള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് അഞ്ച് വർഷങ്ങൾക്ക് മുമ്പ് പാലം വന്നതോടെയാണ് മുതലപ്പൊഴി ടൂറിസം സഞ്ചാര ഭൂപടത്തിൽ ഇടം നേടുന്നത്. കൊവിഡിന് മുമ്പ് വരെ മുതലപ്പൊഴിയും പാലവും അനുബന്ധ ബീച്ചുകളും ഹാർബറും ഒക്കെ കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ് ഉണ്ടായിരുന്നത്.
പദ്ധതിയിൽ പ്രഖ്യാപിച്ചത്
************************************
തീരത്തോട് ചേർന്ന് ലൈഫ് ഗാർഡ് റൂം, ഇ ടോയ്ലെറ്റുകൾ, പവലിയൻ, ലാൻഡ് സ്കേപ്പിംഗ്, നടപ്പാതകൾ, സ്‌നാക്ക് ബാർ, ടിക്കറ്റ് കൗണ്ടർ, സഞ്ചാരികളുടെ ക്ലോക്ക് റൂം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിരിക്കുന്നത്. സഞ്ചാരികൾക്ക് ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്
പദ്ധതിക്കായി അനുവദിച്ചത് - 3 കോടി
പദ്ധതി പ്രഖ്യാപനം 2019ൽ