കിളിമാനൂർ: മഴ മാറി മാനം തെളിഞ്ഞതോടെ കർഷകന്റെ മനസും തെളിഞ്ഞു. ചിങ്ങം പിറക്കുന്നതോടെ ഓണ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് കർഷകർ. നെല്ല്, ചേന, ചേമ്പ്, വാഴക്കുല തുടങ്ങിയവയാണ് പ്രധാനമായും വിളവെടുക്കുന്നത്. ജില്ലയിലെ പ്രധാന കാർഷിക ചന്തകളായ നെടുമങ്ങാട്, കല്ലറ, വെഞ്ഞാറമൂട്, ഭരതന്നൂർ, കിളിമാനൂർ, പാലോട് ചന്തകളിൽ കാർഷിക വിളകൾ എത്തിത്തുടങ്ങി. വരും ദിവസങ്ങളിലും മാർക്കറ്റുകളിൽ വൻ തോതിൽ ഉത്പന്നങ്ങൾ എത്തുമെന്ന് കച്ചവടക്കാർ പറയുന്നു.
മഴക്കെടുതി അതിജീവിച്ച പച്ചക്കറി വിളവെടുപ്പും തുടങ്ങിയിട്ടുണ്ട്. അച്ചാറിനുള്ള ഇഞ്ചി, പയർ, വെള്ളരി, പടവലം, പച്ച മുളക്, തടിയൻ കായ തുടങ്ങിയവയും പാകമായി വരികയാണ്. ചിങ്ങപ്പിറവിയോടെ ഇവ നാട്ടിൻപുറങ്ങളിലെ വിപണിയിൽ എത്തും. അത്തം പിറന്നാൽ വിളവെടുപ്പ് ഉത്സവം.
സംസ്ഥാന കൃഷി വകുപ്പിന്റെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പും അത്തപ്പിറവിക്ക് ശേഷം നടക്കും. കാലവർഷത്തിൽ മഴ വെള്ളത്തിലായ പാട ശേഖരങ്ങളിൽ നിന്ന് വെള്ളം വറ്റിത്തുടങ്ങിയതോടെ ചിങ്ങക്കൊയ്ത്തിനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.