adai

അമലാ പോളിന്റെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളിലൊന്നാണ് ആടൈ. ചിത്രത്തിൽ അമല അവതരിപ്പിച്ച കാമിനി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഏറെ ശ്രദ്ധ നേടിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് പതിപ്പ് സംവിധാനം ചെയ്ത രത്നകുമാർ തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുകയെന്നും ഒരു മാഗസീൻ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ കാമിനി ആയി എത്തുന്നത് ശ്രദ്ധ കപൂർ ആണ്.

ആടൈയുടെ തമിഴ് പതിപ്പ് ഇറങ്ങിയ സമയത്ത് തന്നെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നായികയായി കങ്കണ റണൗട്ടിനെയാണ് ആദ്യം പരിഗണിച്ചതെന്നും ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമാതാവായ അരുൺ പാണ്ഡ്യൻ ഇത് സത്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

നല്ല കഥാപാത്രങ്ങൾ ലഭിക്കാതെ വന്നപ്പോൾ അഭിനയം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ച ഘട്ടത്തിലാണ് 'ആടൈ' യുടെ സ്‌ക്രിപ്ട് തന്നെ തേടിയെത്തിയതെന്ന് അമല തന്നെ നേരത്തേ പറഞ്ഞിരുന്നു.

പൂർണ നഗ്നയായി അമല പോൾ അഭിനയിക്കുന്ന ചിത്രമാണെന്നാരോപിച്ച് ചിലർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയകളിൽ പലരും അമലയ്‌ക്കെതിരെയും വിമർശനമുയർത്തിയിരുന്നു. ആടൈയിൽ അഭിനയിക്കാൻ പല മുൻനിര നായികമാരെയും സംവിധായകൻ സമീപിച്ചിരുന്നു. എന്നാൽ അവരെല്ലാം വേഷം നിരസിക്കുകയും ഒടുവിൽ കഥാപാത്രം അമലയെ തേടിയെത്തുകയും ചെയ്യുകയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും വൻ വരവേൽപ്പാണ് ലഭിച്ചത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതെത്തിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.