തിരുവനന്തപുരം:ലൈഫ് മിഷൻ പദ്ധതിയിൽ ഭവനസമുച്ചയം നിർമ്മിക്കാൻ സർക്കാരും യു.എ.ഇ സർക്കാരിന്റെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ മറവിൽ സ്വപ്നയും സംഘവും കോടികൾ കമ്മിഷൻ തട്ടിയതിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കും.
ഒരു കോടി രൂപ കമ്മിഷൻ നൽകിയതായി നിർമ്മാണക്കരാറെടുത്ത യൂണിടാക് കമ്പനിയുടമ എൻ.ഐ.എയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. ഈ പണമാണ് തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലെ ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് മൊഴി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് താനും സ്വപ്‌നയും ചേർന്ന് ലോക്കർ ആരംഭിച്ചതെന്ന് ചാർട്ടേർഡ്അക്കൗണ്ടന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഇ.ഡി ഉടനെ വിളിച്ചുവരുത്തും.
സർക്കാരിന് ഒഴിയാനാവില്ല
നിർമ്മാണ കരാറുകാരനെ തിരഞ്ഞെടുത്തതിലടക്കം സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന വാദം നിലനിൽക്കുന്നതല്ലെന്നാണ് എൻ.ഐ.എയുടെ നിലപാട്. ഏകപക്ഷീയമായി കരാറുകാരനെ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിൽ നിബന്ധനകൾ ഭേദഗതി ചെയ്തതിനെക്കുറിച്ചും അന്വേഷിക്കും.
തൃശൂരിലെ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയവും ആരോഗ്യകേന്ദ്രവും നിർമ്മിച്ചുനൽകുന്ന 20 കോടിയുടെ പദ്ധതിക്ക് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ലൈഫ് മിഷൻ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയാണ് ഭരണാനുമതി നൽകിയത്. 2019ജൂലായ് 15ന് ചേർന്ന കമ്മിറ്റി ഇതിനൊപ്പം ഏഴ് ഫ്ലാറ്റ് സമുച്ചയങ്ങൾക്കും ഭരണാനുമതി നൽകിയിരുന്നു.
എംപാനൽ എജൻസികളിൽ നിന്ന് നിർദ്ദേശം സ്വീകരിച്ച് നിർമ്മാണം നടത്താനും എല്ലായിടത്തെയും നിർമ്മാണമാതൃക ഏകീകരിക്കാനും 2017ജൂൺ 12ന് ചേർന്ന യോഗം തീരുമാനിച്ചിരുന്നു. തുടർന്ന് 2017ഓഗസ്റ്റ്18ന് തദ്ദേശവകുപ്പ് മന്ത്രിയുടെ അവലോകനയോഗത്തിൽ സർക്കാർ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രം ലിമിറ്റഡ് ടെൻഡറിലൂടെ നിർമ്മാണച്ചുമതല നൽകാൻ തീരുമാനിച്ചു. 2018ഏപ്രിൽ11ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിമിറ്റഡ് ടെൻഡറിനു പുറമെ സർക്കാർ അംഗീകരിച്ചിട്ടുള്ള മറ്റ് അക്രഡിറ്റഡ് ഏജൻസികൾ മുഖേനയോ ടെൻഡറിലൂടെയോ ഭവന നിർമ്മാണം വേഗത്തിലാക്കാൻ നിശ്ചയിച്ചു. ഇതിനായി ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പക്ഷേ, കരാർ കിട്ടിയ യൂണിടെക് അക്രഡിറ്റഡ് ഏജൻസിയല്ല. റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിലാണ് ഇതിനുള്ള വ്യവസ്ഥ. ധാരണാപത്രം സർക്കാർ പുറത്തു വിട്ടിട്ടില്ല.
വിദേശനാണ്യ ചട്ട ലംഘനം
വിദേശനാണ്യവിനിമയ ചട്ടം ലംഘിച്ചാണ് റെഡ്ക്രസന്റ് ഇരുപത് കോടി കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി
ഇങ്ങനെയൊരു ഇടപാടിന് കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി നേടിയിട്ടില്ല.
3.78 കോടിയുടെ കൈക്കൂലിയിടപാട് നടന്നതായും ഇതിലൊരുഭാഗം ദുബായിൽ ദിർഹമായി നൽകിയതായും കണ്ടെത്തി.