b

വർക്കല: ലോക്ക് ഡൗൺ കാലയളവിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്വർണപ്പണയത്തിന്മേലുള്ള കാർഷിക വായ്പകൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം നടപ്പാക്കുന്നതിന് ബാങ്കുകൾ തയ്യാറാകുന്നില്ലെന്ന് പരാതി. സർക്കാർ പ്രഖ്യാപനങ്ങൾ വിശ്വസിച്ച് ആനുകൂല്യത്തിനായി എത്തിയ പല ഉപഭോക്താക്കളും ഇപ്പോൾ നിരാശയിലാണ്. വായ്പകളുടെ പലിശ ഇളവിനും റീപേയ്മെന്റ് ഇൻസെന്റീവിനും ഉള്ള കാലാവധിയാണ് ജൂൺ 30 വരെ റിസർവ് ബാങ്ക് നീട്ടിയത്. മാർച്ച് 31ലെ സർക്കുലറിലാണ് ആർ.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ചില ബാങ്കുകൾ ഈ തീരുമാനം നടപ്പാക്കാതെ ഇടപാടുകാരെ പിഴിയുന്നതായാണ് പരാതി.

വർക്കല മൈതാനം മുള്ളുവിളവീട്ടിൽ സബീന ഇത്തരം സംഭവങ്ങൾക്ക് ഉദാഹരണമാണ്. വർക്കലയിലെ ഒരു പൊതുമേഖലാ ബാങ്കിൽ നിന്ന് ഇവർ 2019 ജൂൺ 12ന് മൂന്ന് ലക്ഷം രൂപ സ്വർണപ്പണയത്തിന്മേൽ കാർഷിക വായ്പയായി എടുത്തിരുന്നു. ഒരു വർഷമായിരുന്നു വായ്പാ കാലാവധി. കാലാവധിക്കുള്ളിൽ ഇത് തിരിച്ചടച്ചാൽ 3 ശതമാനം ഇന്ററസ്റ്റ് സബ്സിഡിയും ലഭിക്കും. എന്നാൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറോട്ടോറിയം വിശ്വസിച്ച് ഈവർഷം ജൂൺ 25ന് ബാങ്കിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ കൈമലർത്തിയത്.

വായ്പാ തുകയും പലിശയും ഉൾപെടെ 312000രൂപ അടച്ചെങ്കിലും പണയ സ്വർണം തിരികെ നൽകാൻ ഇവർ തയ്യാറായില്ല. വായ്പാ കാലാവധി കഴിഞ്ഞതിനാൽ സബ്സിഡി ലഭിക്കില്ലെന്നായിരുന്നു ഇവരുടെ വാദം. മോറട്ടോറിയത്തെക്കുറിച്ച് ചോദിച്ചപ്പോൾ സർക്കുലർ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നും വിശദീകരണം ലഭിക്കാത്തതിനാലാണ് ഇത് സംബന്ധിച്ച് യഥാസമയം അറിയിക്കാൻ കഴിയാതിരുന്നതെന്നുമാണ് ബാങ്ക് അധികൃതരുടെ മറുപടി. വിഷയത്തിൽ പ്രധാനമന്ത്റി, കേന്ദ്രധനകാര്യമന്ത്റി, മുഖ്യമന്ത്റി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് സബീന.