weather

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം അവസാനത്തോടെ മാത്രമേ സംസ്ഥാനത്ത് ഇനി മഴ ശക്തി പ്രാപിക്കൂവെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷക്കും പശ്ചിമ ബംഗാളിനും ഇടയിലായി രൂപപ്പെട്ട ന്യൂനമർദം വടക്കുപടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. ഇത് കേരളത്തെ ബാധിക്കില്ല.എങ്കിലും ഒറ്റപ്പെട്ട മഴ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രതീക്ഷിക്കാം. ഇന്ന് കാസർകോഡ്, കണ്ണൂർ, ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടായേക്കാം. കോഴിക്കോട്, മലപ്പുറം,പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടത്തരം മഴയോ ചാറ്റൽ മഴയോ പ്രതീക്ഷിക്കാം.

ഞായറാഴ്ച മുതൽ വീണ്ടും മഴ കുറഞ്ഞു തുടങ്ങുമെന്നും കാലാവസ്ഥ വിദഗ്ദർ പറയുന്നു. തെക്കൻ പാകിസ്ഥാനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം മൺസൂൺ മഴപാത്തി മദ്ധ്യ,പടിഞ്ഞാറൻ ഇന്ത്യയിൽ സജീവമായി തുടരാനാണ് സാധ്യത. അതിനാൽ കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കുറയും. 20 വരെ വടക്കൻ കേരളത്തിൽ ശരാശരി മഴ ലഭിക്കും.

മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും സാധാരണയിലും കുറഞ്ഞ മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കാലവർഷത്തിന്റെ തുടക്കം മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് ലഭിച്ചത് 1574.4 മില്ലിമീറ്റർ മഴയാണ്.ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 1% കുറവാണ്.കാലവർഷം തീവ്രമായ ആഗസ്റ്റ് 6 മുതൽ 12 വരെ സംസ്ഥാനത്ത് ലഭിച്ചത് ശരാശരി സാധാരണ മഴയെക്കാൾ 217% അധികമാണ്.

മഴലഭ്യതയിൽ മുന്നിട്ടു നിൽക്കുന്നത് കോട്ടയം ജില്ലയാണ്. 22 ശതമാനം അധികമഴയാണ് കോട്ടയത്ത് ലഭിച്ചത്. മഴക്കുറവിൽ വയനാടാണ് മുന്നിൽ . 25 ശതമാനം മഴക്കുറവാണ് വയനാട്ടിലുള്ളത്. തൃശൂരിൽ 21% മലപ്പുറം 14 % ഇടുക്കിയിൽ 10% ആലപ്പുഴയിൽ 4 % മഴക്കുറവുമാണ് രേഖപ്പെടുത്തിയത് .