കോവളം: ഇടറോഡുകൾ പൊലീസ് അടച്ചിട്ടതോടെ കോവളത്ത് അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ്. നഗരസഭയുടെ വെള്ളാർ വാർഡിൽ ഉൾപ്പെട്ട പല പ്രധാന ഇടറോഡുകളും പൊലീസ് അടച്ചതിനെച്ചൊല്ലി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പരാതിയുമായി രംഗത്തെത്തിയിട്ടും നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. കണ്ടെയ്ൻമെന്റ് സോണുകളുടെ അതിർത്തി നിർണയത്തിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും അശാസ്ത്രീയതയുണ്ടെന്നാണ് പരാതി. കോവളം സമുദ്രയിലെ ജി.വി. രാജാ കൺവെൻഷൻ സെന്റർ കൊവിഡ് ആശുപത്രിയാക്കിയത് കാരണമാണ് പ്രധാന ഇടറോഡുകൾ അടച്ചിട്ടതെന്നാണ് പൊലീസ് പറയുന്നത്. വെള്ളാർ വാർഡിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കിയിട്ടും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതിനെതിരെ വിവിധ സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മറ്റ് പലയിടങ്ങളിലും റോഡ് തുറന്നിട്ടും ജംഗ്ഷനിലെ നാട്ടുകാരുടെ ബുദ്ധിമുട്ടിന് പരിഹാരമായില്ല. വെള്ളാർ വാർഡിലെ പത്രവിതരണം പൊലീസുകാർ തടസപ്പെടുത്തുന്നതായും അടിയന്തരഘട്ടങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടിന് ഉടൻ പരിഹാരം കാണണമെന്ന് ധീവരസഭ ജില്ലാ സെക്രട്ടറി പനത്തുറ ബൈജു ആവശ്യപ്പെട്ടു.