വർക്കല: പാപനാശത്ത് കുന്നിടിഞ്ഞുവീണ് നടപ്പാത ഉൾപ്പെടെ തകർന്നു. പാപനാശം നോർത്ത് ക്ലിഫിലാണ് കുന്ന് ഇടിഞ്ഞു വീണത്. ഇതിനെ തുടർന്ന് കുന്നിൻ മുകളിലൂടെയുളള യാത്ര അപകടം നിറഞ്ഞതായി. വ്യാഴാഴ്ച സന്ധ്യയോടെയാണ് കുന്നിടിഞ്ഞ് തീരത്തേക്ക് വീണത്. 20 അടിയോളം വീതിയിലും 40 അടിയോളം വീതിയിലുമാണ് കുന്നിടിഞ്ഞത്. രണ്ടര മീറ്ററോളം വീതിയിൽ ചെങ്കല്ലും ഇന്റർലോക്കും പാകിയ നടപ്പാതയുടെ നല്ലൊരു ഭാഗവും തീരത്തേക്ക് ഇടിഞ്ഞുവീണിട്ടുണ്ട്. ഹെലിപ്പാഡ് മുതൽ തിരുവമ്പാടി തീരം വരെ കുന്നിൻമുകളിലെ നടപ്പാതയോട് ചേർന്ന് നിരവധി അനധികൃത നിർമ്മാണങ്ങളുണ്ട്. ഇതുവഴി ദുർബലമായ കുന്നിന്റെ മുകളിൽ കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയിലൂടെ വെള്ളം കുത്തിയിറങ്ങിയതിലൂടെയാണ് കുന്നും നടപ്പാതയും തകർന്നത്.