ayodhana

പൂവാർ: ആയോധന കലയെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന കായിക വകുപ്പും പഞ്ചായത്തും സംയുക്തമായി തുടക്കം കുറിച്ച പൂവാറിലെ ആയോധന കലാ - കായിക പഠനകേന്ദ്രം നാശത്തിന്റെ വക്കിൽ. നീലലോഹിതദാസ് കായിക മന്ത്രി ആയിരിക്കെ 1987ലാണ് കെട്ടിടം നിർമ്മിച്ചത്. പൂവാർ തീരത്ത് വാസ്തുശില്പ മാതൃകയിൽ കരിങ്കല്ലിൽ തീർത്ത കെട്ടിടം വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതായിരുന്നു. എന്നാൽ പല സർക്കാരുകൾ മാറി വന്നിട്ടും ആയോധന പഠനകേന്ദ്രത്തെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇത് തെക്കൻ കേരളത്തിലെ കലാ - കായിക പ്രേമികൾക്ക് തീരാനഷ്ടമാണ് സമ്മാനിച്ചത്. കെട്ടിട നിർമ്മാണം നടക്കുന്ന വേളയിൽ തെക്കൻ ആയോധനകലയായ കളരിപ്പയറ്റ് അഭ്യസിപ്പിക്കാൻ അന്നത്തെ സ്പോട്സ് ആൻഡ് യൂത്ത് അഫേഴ്സ് ഡയറക്ടറുടെ നേതൃത്വത്തിൽ ആയോധനകലയിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരെ നിയമിച്ചിരുന്നെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല. പിന്നീട് നീലലോഹിതദാസ് 1998-ൽ വനംവകുപ്പ് മന്ത്രിയായപ്പോൾ ഈ കെട്ടിടത്തെ വനംവകുപ്പിന് കീഴിൽ എത്തിച്ച് ഫോറസ്റ്റ് ഗാർഡനായോ, പരിശീലന കേന്ദ്രമായോ മാറ്റാനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സംയോജിപ്പിച്ചു കൊണ്ട് നടത്തിയ ശ്രമവും പരാജയപ്പെട്ടു. പിന്നീട് അധികാരത്തിൽ വന്നവർ ഈ പദ്ധതിയെയോ കെട്ടിടത്തെയോ കണ്ടതായി പോലും ഭാവിച്ചില്ല. ടൂറിസം ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച് ഉപേക്ഷിച്ചതെന്നാണ് നാട്ടുകാർ പറയുന്നതെങ്കിലും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല.

 കെട്ടിടം അനാഥം..?

പൂവാർ പഞ്ചായത്ത് വക ഭൂമിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടം സംബന്ധിച്ച് 14-ാം നിയമസഭയുടെ 19-ാം സമ്മേളനത്തിൽ എം.വിൻസെന്റ് എം.എൽ.എ നിയമസഭയിലുന്നയിച്ച ചോദ്യത്തിൽ പൂവാർ പൊഴിക്കരയിൽ 1979-ൽ ആയോധന കലാകേന്ദ്രത്തിനായി ടൂറിസം ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാത്തതിന്റെ കാരണം തിരക്കിയിരുന്നു. എന്നാൽ ടൂറിസം ഡിപ്പാർട്ട്മെന്റ് ഇങ്ങനെയൊരു കെട്ടിടം നിർമ്മിച്ചിട്ടില്ലെന്നാണ് മറുപടി കിട്ടിയത്.

 സാമൂഹ്യവിരുദ്ധ കേന്ദ്രം

ആയോധന കലാകേന്ദ്രത്തിനായി നിർമിച്ച കെട്ടിടം നിലവിൽ സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രിയായാൽ മദ്യപിക്കാനുള്ള ഇടമായി കെട്ടിടം മാറി. ബീച്ചിലും പൊഴിക്കരയിലും എത്തുന്നവർ മലമൂത്ര വിസർജ്ജനത്തിനായും കെട്ടിടത്തെ ഉപയോഗിക്കാൻ തുടങ്ങി. വാതിലുകളും ജനാലകളും സാമൂഹ്യവിരുദ്ധർ ഇളക്കിമാറ്റി. ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടം.

സാദ്ധ്യതകൾ

 ടൂറിസ്റ്റുകളുടെ വിശ്രമകേന്ദ്രമാക്കാം

 ആയോധന കലാകേന്ദ്രം വികസിപ്പിക്കാം

 സ്പോർട്സ് ഡിപ്പാർട്ട്മെന്റിന് ഏറ്റെടുക്കാം

 മത്സ്യത്തൊഴിലാളി ക്ഷേമത്തിനുപയോഗിക്കാം

പഞ്ചായത്തിന് ഫലപ്രദമായി വിനിയോഗിക്കാം ആയോധന കലാ -കായിക കേന്ദ്രത്തെ സ്പോർട്സ് വകുപ്പുമായി ബന്ധപ്പെട്ട് പുനഃരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു - എം.വിൻസെന്റ് എം.എൽ.എ