fishing

കൊച്ചി: വല നിറയെ മീനുണ്ട്, പക്ഷെ വിലയില്ല. മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇനിയും ബാക്കി. നിയന്ത്രണങ്ങൾക്കും നിരോധനത്തിനുമൊടുവിൽ കടലിൽ പണിക്ക് പോയ

മത്സ്യത്തൊഴിലാളികൾക്ക് ബോട്ട് നിറയെ മീൻ കിട്ടിയെങ്കിലും മീനിന് കാര്യമായ വില ലഭിച്ചില്ല.

കിളിമീൻ, ശീലാവ്, ഉലുവാച്ചി തുടങ്ങിയ മീനുകളാണ് വലയിൽ കുടുങ്ങിയത്. ഭൂരിഭാഗം ബോട്ടുകൾക്കും കിളിമീനാണ് ലഭിച്ചത്. ആദ്യ ദിനത്തിൽ 160 രൂപയോളം വില പറഞ്ഞ കിളിമീന് രണ്ടാം ദിനത്തിൽ 100 രൂപയാണ് ലഭിച്ചത്. അഞ്ച് ലക്ഷം രൂപ പ്രതീക്ഷിച്ച് ഹാർബറിൽ അടുത്ത ബോട്ടുകൾക്ക് മൂന്ന് ലക്ഷമേ ലഭിച്ചുള്ളൂ.

ഹാർബറുകളിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു കച്ചവടം. ഒരേ സമയം 10 വീതം 40 ബോട്ടുകൾക്ക് മത്സ്യവിൽപന നടത്താനാണ് അനുമതി. വൈകിട്ട് അഞ്ച് മണിക്ക് ഇടപാടുകൾ അവസാനിപ്പിക്കണം.

ഒറ്റ ഇരട്ട നമ്പറിന്റെ അടിസ്ഥാനത്തിലാണ് ബോട്ടുകൾ ഹാർബറുകളിൽ തിരിച്ചെത്തിയത്. കച്ചവടക്കാർ കുറവായതിനാൽ കണവ കിട്ടിയ ബോട്ടുകൾ ഹാർബറിൽ ചരക്ക് ഇറക്കിയില്ല. സ്റ്റോറിൽ സൂക്ഷിച്ച മത്സ്യം വില കിട്ടുകയാണെങ്കിൽ മാത്രമെ ഇറക്കൂ. ഇനി വരുന്ന ദിവസങ്ങളിൽ മീനിന് വില ലഭിച്ചില്ലെങ്കിൽ മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്ടമാകും ഉണ്ടാവുക.

കിളിമീൻ - 100

ചാള - 120

നത്തോലി കൊഴുവ-100

വെള്ള കൊഴുവ-120

അയല - 120

മണങ്ങ് - 90

"മീനിന് വില കിട്ടാത്തത് വലിയ തിരിച്ചടിയാണ്. ഇങ്ങനെ പോയാൽ വലിയ നഷ്ടം നേരിടേട്ടി വരും."

ക്ലീറ്റപ്പൻ

മത്സ്യത്തൊഴിലാളി

തോപ്പുംപടി ഹാർബർ തുറക്കും

തോപ്പുംപടി: ആറ് മാസമായി അടഞ്ഞുകിടന്ന തോപ്പുംപടി ഹാർബർ തുറക്കാൻ നടപടിയായി. അണു നശീകരണ ജോലികൾ തീരുന്ന മുറക്ക് തുറന്ന് പ്രവർത്തിക്കും. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഗിൽ നെറ്റ് ബോട്ടുകൾ അടുക്കുന്ന ഏക ഹാർബറാണ് തോപ്പുംപടി. ഹാർബറിൽ സ്ഥിരമായി ആന്റിജൻ ടെസ്റ്റും നടത്തും. കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാന തൊഴിലാളികളിൽ പകുതി പേരും കൊച്ചിയിൽ എത്തിയിട്ടില്ല. ചെല്ലാനം ഹാർബർ 17 ന് തുറക്കും.