തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നവീകരിച്ച രാജാജി നഗർ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു.നവീകരിച്ച കെട്ടിടം,ചിത്രങ്ങൾ ആലേഖനം ചെയ്ത ചുവരുകൾ,സാന്റ് പിറ്റ് ഉൾപ്പെടുന്ന വിശാലമായ കളിസ്ഥലം,കളിപ്പാട്ടങ്ങൾ, കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള സി.സി ടി.വി കാമറകൾ എന്നിങ്ങനെ ആധുനിക സംവിധാനങ്ങളോടെയാണ് അങ്കണവാടി ഒരുക്കിയിരിക്കുന്നത്. രാജാജി നഗറിലേത് കൂടാതെ ഫോർട്ട് സാൻസ്‌ക്രിറ്റ് യു.പി.എസ് അങ്കണവാടിയും തമ്പാനൂർ യു.പി.എസ് അംഗൻവാടിയും ആധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്. ഇവയുടെ ഉദ്ഘാടനം 17ന് നടക്കും. 74 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് അംഗൻവാടികളുടെയും നവീകരണം പൂർത്തിയാക്കിയതെന്ന് മേയർ പറഞ്ഞു.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വഞ്ചിയൂർ പി.ബാബു,പാളയം രാജൻ,എസ്.പുഷ്പലത,വാർഡ് കൗൺസിലർ ജയലക്ഷ്‌മി, സ്മാർട്ട് സിറ്റി സി.ഇ.ഒ പി.ബാലകിരൺ,ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ എന്നിവർ പങ്കെടുത്തു.