gold

 നികുതി അടച്ചാലും ഇനി സ്വർണം വിട്ടുകിട്ടില്ല

 കള്ളക്കടത്ത് വിവരം നൽകുന്നവർക്ക് 20% പാരിതോഷികം

തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് കൊണ്ടുവരുന്ന സ്വർണം ഇനി സംസ്ഥാനസർക്കാർ കണ്ടുകെട്ടും. നികുതിയും പിഴയും ഈടാക്കി കൈവശക്കാരന് തിരിച്ചുകൊടുക്കുന്ന നിലവിലെ സംവിധാനം റദ്ദാക്കും. സ്വർണക്കള്ളക്കടത്ത് കൂടുന്നത് പരിഗണിച്ചാണിത്.

ജി.എസ്.ടി നിയമത്തിലെ 129-ാം വകുപ്പ് പ്രകാരം മൂന്നുശതമാനം നികുതിയും അത്ര തന്നെ പിഴയും ഈടാക്കി സ്വർണം വിട്ടുകൊടുക്കുകയായിരുന്നു സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇതുവരെ ചെയ്തിരുന്നത്. ഇനി മുതൽ ജി.എസ്.ടി നിയമത്തിലെ 130-ാം വകുപ്പ് ഉപയോഗിച്ച് സ്വർണം കണ്ടുകെട്ടും. ഗുജറാത്ത് ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി അഡ്വക്കേറ്ര് ജനറലിന്റെ ഉപദേശവും നേടിയിട്ടുണ്ട്.

കള്ളക്കടത്ത് വിവരം നൽകുന്നവർക്ക് 20 ശതമാനം പാരിതോഷികം നൽകും. പിഴയും നികുതിയും ഈടാക്കി വിടുന്നതാണെങ്കിൽ അതിന്റെ 20 ശതമാനവും വിവരം നൽകുന്ന ആൾക്ക് നൽകും. ഇവരെക്കുറിച്ചുള്ള വിവരം അതീവ രഹസ്യമായി സൂക്ഷിക്കും. സ്വർണം പിടിക്കാൻ നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കും ഇതേപ്രകാരം ഉപഹാരം നൽകും. കസ്റ്റംസ് സ്വർണം പിടിച്ചാൽ സാധാരണ കണ്ടുകെട്ടുകയാണ് ചെയ്യുന്നത്.

കേരളത്തിലേക്ക് സ്വർണക്കള്ളക്കടത്ത് കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് കള്ളക്കടത്തായി വരുന്ന സ്വർണത്തിന്റെ 15-20 ശതമാനവും കേരളത്തിലേക്കാണ്. 2017-18ൽ 1,282 കിലോയും 2018-19ൽ 1,440 കിലോയും 2019-20 ഡിസംബർ വരെ 1,028 കിലോ സ്വർണവുമാണ് രാജ്യത്തേക്ക് വന്നത്. സംസ്ഥാന ജി.എസ്.ടി വകുപ്പ് 110 കിലോ സ്വർണം പിടിച്ചെങ്കിലും നികുതിയും പിഴയും ഈടാക്കി വിട്ടുകൊടുത്തു.

സ്വർണത്തിന് ഇ-വേ ബില്ലും

സ്വർണത്തിന് ഇ-വേ ബിൽ ഏ‌ർപ്പെടുത്തുന്നതിനോട് സംസ്ഥാനങ്ങൾക്ക് പൊതുവേ താത്പര്യമില്ല. ഇക്കാര്യത്തിൽ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ നടന്ന മന്ത്രിതലസമിതിയോഗം ധാരണയിലെത്തി. തുടർന്നാണ്, കേരളത്തിൽ ഇ-വേ ബിൽ നടപ്പാക്കാൻ തീരുമാനിച്ചതെന്ന് സമിതി അദ്ധ്യക്ഷൻ കൂടിയായ ഐസക് പറഞ്ഞു.

കണ്ടുകെട്ടാൻ പ്രയാസം

സ്വർണം കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങൾ സങ്കീർണമാണ്. നടപടികൾ കൃത്യമല്ലെങ്കിൽ കോടതിയിൽ പോയാൽ സ്വർണക്കടത്തുകാരൻ എളുപ്പത്തിൽ ഊരിപ്പോരും. സ്വർണം കൃത്യമായി അളക്കുക, അതിന്റെ ഇനങ്ങൾ തിരിച്ചുള്ള പട്ടികയിൽ കടത്തിയ ആളെക്കൊണ്ട് എഴുതി വാങ്ങുക തുടങ്ങി നിരവധി പ്രക്രിയകളുണ്ട്. പിടിച്ച സ്വർണം സൂക്ഷിക്കുക, ഇത് കൈകാര്യം ചെയ്യുന്ന ജീവനക്കാരന് സുരക്ഷ നൽകുക എന്നിവയും വേണം.