kodiyeri

തിരുവനന്തപുരം: 23ന് നടക്കുന്ന പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാരിന്റെ നിയമനനിരോധനം മുഖ്യപ്രചാരണമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരായ സമരത്തിൽ 25 ലക്ഷം പേർ അണിനിരക്കും. പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വർഗ, ബഹുജനസംഘടനകളിലെ അംഗങ്ങളുടെയും വീടുകളിൽ വൈകിട്ട് നാലിന് അരമണിക്കൂറാണ് സത്യാഗ്രഹം. വരുംദിവസങ്ങളിൽ കൂടുതൽ പേരെ സമരത്തിൽ പങ്കാളികളാക്കാൻ ശ്രമിക്കുമെന്ന് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച കോടിയേരി പറഞ്ഞു. മന്ത്രിമാർ ഒഴിച്ചുള്ള നേതാക്കളും പ്രവർത്തകരും പ്രക്ഷോഭത്തിൽ പങ്കെടുക്കും.

കരട് പരിസ്ഥിതി ആഘാത പഠന ഭേദഗതി വിജ്ഞാപനത്തിനെതിരെ തുടർച്ചയായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കും.

പി.എസ്.സിയിലൂടെ ഏറ്റവുമധികം നിയമനം നടത്തിയത് ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരാണ്. കൊവിഡ് കാലത്തും നിയമനം നടന്നു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളുണ്ടെങ്കിലും ജനങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭം നടത്താതിരിക്കാനാവില്ലെന്നും കോടിയേരി വ്യക്തമാക്കി.