covid-19

തിരുവനന്തപുരം: പൊലീസ് ശേഖരിക്കുന്ന കൊവിഡ് രോഗികളുടെ വിവരങ്ങൾ സ്വകാര്യ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിലേക്ക് നൽകണമെന്ന വിവാദ നിർദ്ദേശത്തെച്ചൊല്ലി പൊലീസ് തലപ്പത്ത് ഭിന്നത. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനതല ചുമതലയുള്ള നോഡൽ ഓഫീസറും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുമായ ഐ.ജി വിജയ് സാക്കറെയാണ് രണ്ടുദിവസം മുൻപ് ഈ വിവാദ നിർദ്ദേശം നൽകിയത്. ഇതിനെ ദക്ഷിണമേഖല ഐ.ജി ഹർഷിതാ അട്ടല്ലൂരി എതിർത്തു. പിന്നാലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് ഡി.ജി.പിയെ അതൃപ്തി അറിയിച്ചു.

ജില്ലകളിൽ പൊലീസ് ശേഖരിക്കുന്ന കൊവിഡ് രോഗികളുടെ വിവരങ്ങൾ കൊച്ചി പൊലീസിന്റെ ആപ്പിലേക്കു നൽകണമെന്നാണ് വിജയ് സാഖറെ നിർദേശിച്ചത്. സർക്കാർ ആപ്പുകളിലേക്കു മാത്രമേ വിവരം കൈമാറാനാകൂ എന്നു വ്യക്തമാക്കിയ ഐ.ജി ഹർഷിത അട്ടല്ലൂരി, സ്വകാര്യ കമ്പനി തയാറാക്കിയ കൊച്ചി പൊലീസിന്റെ ആപ്പിലേക്കു വിവരങ്ങൾ കൈമാറാനാകില്ലെന്ന നിലപാട് ഡി.ജി.പിയെ അറിയിച്ചു. ഇതിനു പിന്നാലെ ദക്ഷിണമേഖലയിലെ ക്രമസമാധാന ചുമതലയുള്ള എസ്‌.പിമാർക്ക് അട്ടല്ലൂരി ഈ നിർദ്ദേശം കൈമാറി.

രോഗികളുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിലും സേനയിൽ എതിർപ്പുണ്ട്. 15 ദിവസത്തെ കോൾ വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഡി.ജി.പിയെ അറിയിച്ചു. ഫോൺ ലൊക്കേഷൻ പരിശോധിച്ച് രോഗിയുടെ നീക്കങ്ങൾ മനസിലാക്കാമെന്നിരിക്കെ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിനോടാണ് പൊലീസ് ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടിപ്പിക്കുന്നത്. ക്രമസമാധാന ചുമതലയിൽ എ.ഡി.ജി.പിയും സോൺ ഐ.ജിമാരും ഉണ്ടായിരിക്കെ കൊച്ചി കമ്മിഷണറെ സംസ്ഥാന നോഡൽ ഓഫിസറായി നിയമച്ചതിലും സേനയിൽ മുറുമുറുപ്പുണ്ട്.