കാട്ടാക്കട:സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ അനുവദിച്ച 100 കോടിയുടെ കാട്ടാക്കട ടൗൺ വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കാട്ടാക്കടയിൽ എത്തി. പദ്ധതി മലയോര താലൂക്ക് ആസ്ഥാനമായ കാട്ടാക്കട ടൗണിന്റെ നിർണായക മാറ്റങ്ങൾക്കിടയാകുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. കാട്ടാക്കട ഠൗൺ വികസനത്തിനായി കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപയാണ് അനുവദിച്ചത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ഉന്നത ഉദ്യസ്ഥരുടെ യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ തീരുമാനിച്ചു.ജില്ലാ ലോക്ക് ഡൗൺ, കാട്ടാക്കടയിലെ കണ്ടയ്ൻമെന്റ് സോൺ പ്രഖ്യാപനം എന്നിവ കാരണം തുടർ പ്രവർത്തനങ്ങൾ നീണ്ടു പോയി.പി.ഡബ്ല്യു.ഡി റോഡ് വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ഗീത, എക്സിക്യൂട്ടീവ് എഞ്ചിനിയർ ജ്യോതി, ബ്രിഡ്ജസ് ഡിസൈൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ സിജു, റോഡ്സ് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഹരികുമാർ, റിക് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ അശോക്, റോഡ്സ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയർ ദീപക് എന്നിവരുടെ സംഘമാണ് കാട്ടാക്കടയിലെത്തിയത്. ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കാട്ടാക്കട ടൗൺ വികസനത്തെ സംബന്ധിച്ച ആലോചനകളും പഠനങ്ങളും എം.എൽ.എ യുടെ നേതൃ ത്വത്തിൽ നടത്തിയിരുന്നു. ഈ വിവരങ്ങളും ഇന്ന് എം.എൽ.എ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി.ടൗൺ വികസനം സംബന്ധിച്ച സാദ്ധ്യതാ പഠനം സെപ്റ്റംബർ മാസം കൊണ്ട് പൂർത്തിയാക്കുവാൻ തീരുമാനിച്ചു.ഡി.പി.ആർ തയ്യാറാക്കൽ ഉൾപ്പടെയുള്ള തുടർ പ്രവർത്തനങ്ങളെല്ലാം നവംബർ മാസത്തോടു കൂടി പൂർത്തിയാക്കാനും എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന തരത്തിലുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് എം.എൽ.എ അറിയിച്ചു.