തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് കച്ചവടസ്ഥാപനങ്ങളിലുണ്ടാകാൻ ഇടയുള്ള തിരക്ക് കുറയ്ക്കാനും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി നടപടികൾ സ്വീകരിക്കും.പരിശോധനയ്ക്കാവശ്യമായ ആന്റിജെൻ കിറ്റുകൾക്കളുടെ ലഭ്യത ജില്ലയിൽ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലെ കൊവിഡ് സാഹചര്യങ്ങളും കൂടുതലായി ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങളും യോഗത്തിൽ ചർച്ചചെയ്‌തു. ജില്ലാ കളക്ടർ നവജ്യോത് ഖോസ,റൂറൽ എസ്.പി ബി.അശോകൻ,ഡി.സി.പി ഡോ. ദിവ്യ വി.ഗോപിനാഥ്,ജില്ലാ മെഡിക്കൽ ഓഫീസർ കെ.എസ്.ഷിനു,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.