തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഉപഭോക്താക്കൾക്ക് അമിതബിൽ നൽകിയതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സബ്സിഡിയുടെ മറവിൽ വൈദ്യുതി നിരക്കുയർത്താൻ കെ.എസ്.ഇ.ബിയൊരുങ്ങുന്നു. വിവിധ സ്ളാബുകളിലെ ശരാശരിക്ക് മുകളിലുള്ള അധിക ഉപഭോഗത്തിന് യൂണിറ്റിന് 1.50 രൂപയും അധിക ബില്ലിൽ 20 മുതൽ 30 ശതമാനം വരെയുമാണ് സബ്സിഡി അനുവദിച്ചത്. ഇതിലൂടെ കെ.എസ്.ഇ.ബിക്ക് കിട്ടേണ്ടിയിരുന്ന വരുമാനത്തിൽ 150 മുതൽ 200 കോടി വരെ കുറവുണ്ടായി. വൻകിട ഉപയോക്താക്കൾക്ക് മാർച്ച്, ഏപ്രിൽ, മേയ് മാസത്തെ ഫിക്സഡ് ചാർജിൽ 25ശതമാനം മോറട്ടോറിയം നൽകിയതിലൂടെ 76.62കോടി രൂപയുടെ നഷ്ടമുണ്ടായി.
കേന്ദ്രസർക്കാർ പ്രസരണചെലവിൽ നൽകിയ റിബേറ്റിലൂടെ 50.86 കോടി ലഭിച്ചെങ്കിലും 25.76 കോടിയുടെ നഷ്ടം സഹിക്കേണ്ട സ്ഥിതിയാണ്. ഒാൺലൈൻ ബില്ലടയ്ക്കൽ പ്രോത്സാഹിപ്പിക്കാൻ അഞ്ച് ശതമാനം കാഷ്ബാക്ക് ഒാഫർ നൽകിയതും അധികചെലവായി. ഇത് നികത്താൻ വൈദ്യുതി നിരക്കുയർത്തണമെന്നാവശ്യപ്പെട്ട് ജൂലായ് 23ന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിരുന്നു. ഇതിന്മേലുള്ള തെളിവെടുപ്പ് 19ന് തുടങ്ങും. അംഗീകരിച്ചാൽ ഇൗ വർഷം തന്നെ വൈദ്യുതി നിരക്ക് വർദ്ധിക്കും.
ബോർഡിന്റെ ന്യായങ്ങൾ
1.സബ്സിഡിയിലൂടെ 200കോടിയുടെ വരുമാനം ഇല്ലാതായി. ഇത് സാമ്പത്തികവർഷാവസാനമേ തിരിച്ച് കിട്ടൂ. ഇത് പ്രവർത്തന നഷ്ടമുണ്ടാക്കും.
2. ഒാൺലൈനിലൂടെ ബില്ലടയ്ക്കുന്നവർക്ക് അഞ്ച് ശതമാനം കിഴിവോ,100 രൂപയോ നൽകുന്നത് വരുമാനത്തിൽ കുറവുണ്ടാക്കി.
3. വ്യവസായ-വ്യാപാര ശാലകൾക്കും ആശുപത്രികൾക്കും ഫിക്സഡ് ചാർജിൽ 25 ശതമാനം ആനുകൂല്യം നൽകി. ഇത് ഡിസംബറിലേ തിരിച്ചുകിട്ടൂ. അതുവരെ പലിശ നഷ്ടം വഹിക്കുന്നത് ബാദ്ധ്യതയാണ്. ഇത് 25.76കോടി രൂപവരും.
ജനങ്ങളോടുള്ള അന്യായം
1. സബ്സിഡി പ്രഖ്യാപിച്ചപ്പോഴുണ്ടായ ബാദ്ധ്യത സർക്കാർ നികത്തിയെങ്കിലും അതിന്റെ പേരിൽ നിരക്ക് കൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമം
2. ലോക്ക് ഡൗണിലെ ചെറിയ നഷ്ടങ്ങളുടെ പേരിൽ കെ.എസ്.ഇ.ബി നിരക്ക് കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്നത് അന്യായം
3. കുറച്ചുപേർ മാത്രം ഒാൺലൈനും കൂടുതൽ വൈദ്യുതിയും ഉപയോഗിച്ചതിന്റെ പേരിൽ മൊത്തം ഉപയോക്താക്കൾക്കും നിരക്ക് കൂട്ടുന്നത് അന്യായം
കെ.എസ്.ഇ.ബി അവകാശപ്പെടുന്ന നഷ്ടം
2016 - 6739.13 കോടി
2017 - 1331.08 കോടി
2018 - 759.88 കോടി
2019 - 400.00 കോടി