തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരുമായി സൗഹൃദം സൂക്ഷിക്കാൻ മന്ത്രിമാരുടെ ഓഫീസുകൾക്ക് നിർദ്ദേശം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
മാദ്ധ്യമപ്രവർത്തകർക്കെതിരെ മാത്രമല്ല, ആർക്കെതിരെയും സൈബർ ആക്രമണം പാടില്ലെന്നാണ് സി.പി.എം നിലപാട്. മാദ്ധ്യമപ്രവർത്തകരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് പാർട്ടിയുടെയും സർക്കാരിന്റെയും നയം. ഇപ്പോഴത്തെ പരാതി പൊലീസ് അന്വേഷിക്കുന്നുണ്ട്. നമ്മളെ ആക്രമിക്കുമ്പോഴാണ് നമ്മൾ ജാഗരൂകരാകുന്നത്. മറ്റുള്ളവർക്കെതിരെ ആക്രമണം ഉണ്ടാകുമ്പോൾ വകവയ്ക്കുന്നില്ലെന്ന നിലപാട് മാറണം. മോശമായ കാര്യങ്ങൾക്ക് ഫേസ്ബുക്കും വാട്സാപ്പും ഉപയോഗിക്കുന്നത് പാർട്ടി അംഗീകരിക്കില്ല. സഭ്യമായ രീതിയിലേ സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടാവൂ എന്ന് സി.പി.എം നിർദ്ദേശിച്ചിട്ടുണ്ട്. മറിച്ചുണ്ടായാൽ നിരുത്സാഹപ്പെടുത്തും. ഒരാളെയെങ്കിലും അനുകൂലമായി ചിന്തിപ്പിക്കാൻ കഴിയണം. മാദ്ധ്യമപ്രവർത്തകർക്കും സ്വയം നിയന്ത്രണം വേണം.
ബിനീഷ് കോടിയേരി കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ചു
അടുത്ത കാലത്ത് ബിനീഷ് കോടിയേരി കൊല ചെയ്യപ്പെട്ടു, ആദരാഞ്ജലികൾ എന്ന് രേഖപ്പെടുത്തിയ പോസ്റ്റ് വന്നുവെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. അത് കണ്ടപ്പോൾ തനിക്ക് വിഷമമുണ്ടാവുക സ്വാഭാവികം. ഇങ്ങനെ സംഭവിക്കുമ്പോൾ ആളുകൾ പ്രതികരിക്കും. ആർക്കുമെതിരെ എന്തും പ്രചരിപ്പിക്കാമെന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.