p-sreeramakrishnan

തിരുവനന്തപുരം: നിയമസഭാ സമ്മേളനം 24ന് നടക്കാനിരിക്കെ, സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് കോൺഗ്രസ് അംഗം വി.ഡി. സതീശനും ,സ്പീക്കറെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് മുസ്ലിംലീഗ് അംഗം എം. ഉമ്മറും വീണ്ടും നോട്ടീസ് നൽകി. നേരത്തേ നൽകിയ നോട്ടീസ് സഭാസമ്മേളനം റദ്ദ് ചെയ്തതോടെ അസാധുവായിരുന്നു.

സ്പീക്കർക്കെതിരായ പ്രമേയ നോട്ടീസ് സാങ്കേതികത്വം പാലിച്ചില്ലെങ്കിൽ തള്ളേണ്ടി വരുമെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സഭാസമ്മേളനത്തിൽ ഇതും ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

സഭാസമ്മേളനം 24ന് ചേരാനുള്ള അനുമതിയാണ് ഗവർണർ നൽകിയത്. സമ്മേളനം എത്ര ദിവസം ചേരണമെന്നതിൽ തീരുമാനമെടുക്കേണ്ടത് സഭയുടെ കാര്യോപദേശക സമിതി ചേർന്നാണ്. ഏകദിന സമ്മേളനത്തിനാണ് തത്വത്തിൽ ധാരണയെങ്കിലും , അത് കാര്യോപദേശക സമിതിയുടെ അജൻഡയായി പരിഗണിച്ച് വേണം പ്രഖ്യാപിക്കാൻ. രണ്ട് നോട്ടീസുകൾ നൽകിയ പ്രതിപക്ഷത്തിന് അവ ചർച്ച ചെയ്യാനായി സഭ ചേരണമെന്ന് കാര്യോപദേശകസമിതിയിൽ ആവശ്യപ്പെടാം. സ്പീക്കർക്കെതിരായ പ്രമേയത്തിന് 14 ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്നിരിക്കെ, അതിനനുസരിച്ച് സഭാസമ്മേളനം നീട്ടാം. എന്നിട്ടും, പ്രമേയം തള്ളുമെന്ന് സ്പീക്കർ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

സർക്കാരിനെതിരായ അവിശ്വാസപ്രമേയം 24 ന് തന്നെ പരിഗണിക്കാനാണ് സാദ്ധ്യത. പ്രമേയത്തിന് 3 ദിവസത്തെ മുൻകൂർ നോട്ടീസ് മതി.