തിരുവനന്തപുരം: മന്ത്രി കെ.ടി .ജലീൽ പ്രോട്ടോക്കോൾ ലംഘിച്ച് യു.എ.ഇ കോൺസുലേറ്റുമായി ഇടപെട്ടതായി അന്വേഷണ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി.
മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിർദേശം ജലീൽ പലവട്ടം ലംഘിച്ചെന്നും, യു.എ.ഇ നയതന്ത്ര പ്രതിനിധികളുമായി നേരിട്ട് ഇടപെട്ടെന്നും റിപ്പോർട്ടിലുണ്ട്. 2018നുശേഷം യുഎഇ കോൺസുലേറ്റിൽ നിരവധി സ്വകാര്യ സന്ദർശനങ്ങൾ നടത്തിയതും ചട്ടലംഘനമാണ്. ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്.
നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം ,സർക്കാർ സ്ഥാപനത്തിന്റെ വാഹനത്തിൽ വിതരണം ചെയ്തതും ഗുരുതരമായ വീഴ്ചയാണ്. സംസ്ഥാന പ്രോട്ടോകോൾ ഓഫിസറെ ഒഴിവാക്കിയാണ് ജലീൽ യു..എ..ഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് കണ്ടെത്തി. മതഗ്രന്ഥങ്ങൾ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകൾ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണു പരിശോധിക്കുന്നത്. ജലീലിന്റെ മൊഴി രേഖപ്പെടുത്തിയേക്കും.
മതഗ്രന്ഥം ഉൾപ്പെടെയുള്ള പാഴ്സലുകൾ കോൺസുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോൺസുലേറ്റ് പ്റതികരിച്ചിട്ടില്ല. യുഎഇ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായതിനാൽ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതു സ്വപ്നയാണ്. കോൺസുലേറ്റിലെ സ്വകാര്യ ചടങ്ങുകളിൽ മന്ത്രിമാരെയും മറ്റ്പ്രമുഖരെയും പങ്കെടുപ്പിച്ചാണ് ബന്ധം വിപുലമാക്കിയത്.