തിരുവനന്തപുരം: ജനങ്ങളുടെ മനോഭാവത്തിലെ മാറ്റവും നിസഹകരണവും കാരണം തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം അനുദിനം വർദ്ധിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾക്കുള്ള ജില്ലയായി തലസ്ഥാന നഗരി മാറിയിട്ടും നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നില്ലെന്ന സ്ഥിതിയാണ് നിലവിൽ. ആദ്യഘട്ടങ്ങളിൽ അതിർത്തി ഗ്രാമങ്ങളിൽ മാത്രം സമ്പർക്ക രോഗികളെ കണ്ടെത്തിയ ജില്ലയിൽ ഇപ്പോൾ ഗ്രാമ,നഗര വ്യത്യാസമില്ലാതെ നൂറുകണക്കിന് രോഗികളാണുള്ളത്. സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട കണക്കനുസരിച്ച് 3455 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ആലപ്പുഴ,കാസർകോട്,കോഴിക്കോട്,എറണാകുളം എന്നിവിടങ്ങളിലേതിനെക്കാൾ ഇരട്ടി രോഗികളാണ് തലസ്ഥാന ജില്ലയിലുള്ളത് .മരണനിരക്ക് കുറവാണെന്നതാണ് നിലവിലെ ഏക ആശ്വാസം. ആരോഗ്യ രംഗത്തെ വിദഗ്‌ദ്ധരുടെ അഭിപ്രായമനുസരിച്ച് രോഗികളിൽ 40 ശതമാനം പേർക്കും യാതൊരു രോഗലക്ഷണങ്ങളും ഉണ്ടാകില്ല. അതിനാൽ ഇവരെ തിരിച്ചറിയുക പ്രയാസമാണ്. എന്നാൽ ഇവർ രോഗവാഹകരായി മാറുന്നത് കാരണം മറ്റുപലർക്കും രോഗം ലഭിക്കാനുള്ള സാദ്ധ്യതയും ഉണ്ട്. ജില്ലയിലെ തീരപ്രദേശങ്ങളിൽ രോഗം പടരുന്നതിന് പിന്നിലെ യഥാർത്ഥ കാരണം ഇത്തരക്കാരിൽ നിന്ന് രോഗം പകർന്നതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

മറ്റുരാജ്യങ്ങളിൽ നടക്കുന്ന ടെസ്റ്റുകളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്. അമേരിക്ക, ബ്രസീൽ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ 1.5 ലക്ഷം/മില്യൺ (പത്തുലക്ഷത്തിന് ഒന്നര ലക്ഷം) എന്ന കണക്കിലാണ് ടെസ്റ്റ് നടത്തുന്നതെങ്കിൽ ഇവിടെ അത് ഇരുപതിനായിരം മാത്രമാണ്. ഇതേ കണക്ക് തന്നെയാണ് സംസ്ഥാനത്തുമുള്ളത്.

രോഗവ്യാപന തോത് കുറയ്‌ക്കാൻ ചെയ്യേണ്ടത്

മാസ്‌ക്, സാമൂഹ്യ അകലം, കൈകഴുകൽ എന്നിവ നിർബന്ധമാക്കണം.
കടകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ ജീവനക്കാരനെ ചുമതലപ്പെടുത്തണം.
ജനങ്ങളുടെ അലസത മനോഭാവം തിരുത്തണം.


സർക്കാർ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പൂർണ അർത്ഥത്തിൽ പാലിക്കാൻ ജനങ്ങൾ സന്നദ്ധരാകണം. നമ്മൾ പൊരുതുന്നത് ഭീകരനായ വൈറസിനോടാണെന്നും അവസരം കിട്ടിയാൽ ജനങ്ങളെയാകെ വൈറസ് കൊന്നൊടുക്കുമെന്നും ലോക രാജ്യങ്ങൾക്കുണ്ടായ അനുഭവം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം .

-ഡോ . സുൽഫി നൂഹു
ഐ.എം.എ
സംസ്ഥാന വൈസ് പ്രസിഡന്റ്

സമ്പർക്ക സാദ്ധ്യത കുറയ്ക്കാനുള്ള ശ്രമം ജനങ്ങളിൽ നിന്നുണ്ടാകണം. രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും ക്വറന്റൈൻ നൽകണം. ചികിത്സാ മേഖലയിലെ ഡോക്ടർമാരുടെ എണ്ണക്കുറവ് പരിഹരിക്കാൻ അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാർ കൂടി രംഗത്തിറങ്ങണം .

-ഡോ . സുൻജിത് രവി
സ്‌പോക്സ്‌ പേഴ്സൺ , കേരള ഗവ. സ്പെഷ്യലിസ്റ്റ്സ് ഡോക്ടേഴ്സ് അസോസിയേഷൻ