തിരുവനന്തപുരം: തടവുകാരിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ സെൻട്രൽ ജയിൽ 'തടവിലായ' അവസ്ഥയിലാണ്. ഇന്നലെ മാത്രം 63 തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 164 ആയി. ഒരു പ്രിസൺ ഓഫീസറും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നത് ആശങ്ക കൂട്ടുന്നു. രണ്ടു ഉദ്യോഗസ്ഥരുടെ ഫലം ലഭിക്കാനുണ്ട്. ഇന്നലെ 163 പേരെ പരിശോധിച്ചതിലാണ് 63 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ ഉറവിടം വ്യക്തമല്ല. പുതുതായി ജയിലിലേക്ക് കൊണ്ടുവരുന്ന പ്രതികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി കൊവിഡ് പരിശോധന നടത്തിയ ശേഷം മാത്രമായിരുന്നു ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജയിലിനുള്ളിൽ രോഗം പടരാനുള്ള സാദ്ധ്യത കുറവായിരുന്നു. എന്നാൽ 70കാരനായ അന്തേവാസിക്ക് രോഗലക്ഷണങ്ങളോടെ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ നേരത്തെ ആശുപത്രിയിൽ ചികിത്സയ്ക്കും മറ്റുമായി എത്തിച്ചിരുന്നു. ഇതിലൂടെയാകാം രോഗവ്യാപനം ഉണ്ടായതെന്നാണ് കരുതുന്നത്. ജയിൽ വകുപ്പിന്റെ പെട്രോൾ പമ്പിലും തടവുകാരാണ് ജോലി നോക്കുന്നത്. ഇതും ആശങ്ക വർദ്ധിപ്പിക്കുന്നു. 335 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 164 പേർക്ക് രോഗബാധ കണ്ടെത്തിയത്. ജയിൽപ്പുള്ളികളുടെ പരോൾ കാലാവധിയും നീട്ടിയിട്ടുണ്ട്.
ആസ്ഥാനം അടച്ചു
ജയിൽ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ഡി.ഐ.ജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്വാറന്റൈനിലായി. സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും രണ്ടു ദിവസത്തിനുള്ളിൽ ആന്റിജൻ പരിശോധന നടത്തുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു.
നിർമ്മാണ യൂണിറ്റുകൾ അടച്ചു
ജയിലിലെ ചപ്പാത്തി നിർമ്മാണ യൂണിറ്റ് അടക്കമുള്ളവ പ്രവർത്തനം നിറുത്തി. തടവുകാർ പുറത്തുപോയി ചെയ്‌തിരുന്ന എല്ലാ ശുചീകരണ ജോലികളും അവസാനിപ്പിച്ചു. ജയിലിന് സമീപമുള്ള കഫ്റ്റീരിയയും തത്കാലത്തേക്ക് അടച്ചിട്ടു. നിലവിൽ ജീവനക്കാർക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള അടുക്കള മാത്രം ഭാഗികമായി പ്രവർത്തിക്കുന്നു. ഇവിടെ രോഗികളുമായി സമ്പർക്കമില്ലാത്ത ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. പുറത്ത് ജോലി ചെയ്‌തിരുന്നവരെ പഴയ വനിതാ ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവർക്ക് പ്രധാന കവാടം കടന്ന് അകത്ത് പ്രവേശിക്കേണ്ടതില്ല.
ബ്ലോക്കുകളിൽ ലോക്ക് ഡൗൺ
കൊവിഡ് ബാധിച്ച തടവുകാരെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിൽ പ്രത്യകേ ബ്ലോക്കുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്നതടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഭക്ഷണം നൽകുന്നതടക്കമുള്ള കാര്യങ്ങൾ പരമ്പരാഗതരീതി ഉപേക്ഷിച്ച് സമ്പർക്കമുണ്ടാകാത്ത തരത്തിലേക്ക് മാറ്റി. ബ്ലോക്കുകളിൽ കർശന നിരീക്ഷണവും ഏർപ്പെടുത്തി. ജയിലിനുള്ളിൽ തന്നെ സി.എഫ്.എൽ.ടി.സി സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റാനും ആലോചനയുണ്ട്. രോഗികൾ വർദ്ധിച്ചാൽ സൗകര്യങ്ങൾ മതിയാകാതെ വരുമെന്നും ആശങ്കയുണ്ട്.