കോവളം: വിഴിഞ്ഞം തീരത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. വിഴിഞ്ഞം മൈലാഞ്ചിക്കല്ല് സ്വദേശി പീരുമുഹമ്മദിനാണ് (45) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് കോവളം ലൈറ്റ് ഹൗസ് ഭാഗത്ത് അപകടമുണ്ടായത്. പീരുമുഹമ്മദും സഹോദരൻ സുധീറുമാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം തീരത്തുനിന്ന് പുറപ്പെട്ട് കോവളം ലൈറ്റ് ഹൗസ് ഭാഗത്തെത്തിയതോടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ലൈഫ് ഗാർഡുകളും അപകടമറിഞ്ഞ് സ്ഥലത്തെത്തിയ കോവളം സി.ഐ അനിൽകുമാർ, എസ്.ഐ ഷാനിബാസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മത്സ്യത്തൊഴിലാളികളെയും മറിഞ്ഞവള്ളവും കരയ്‌ക്കെത്തിച്ചു. പീരുമുഹമ്മദിനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.