തിരുവനന്തപുരം:ഇന്നലെ ജില്ലയിൽ 310 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മുന്നൂറും സമ്പർക്കം വഴിയാണെന്നത് തലസ്ഥാനത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു. അഞ്ചുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. ആഗസ്റ്റ് 10ന് മരണമടഞ്ഞ കടുങ്ങല്ലൂർ സ്വദേശിനി ലക്ഷ്മി (74), വള്ളക്കടവ് സ്വദേശിനി നിർമ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേർളി (62), തിരുവനന്തപുരം സ്വദേശിനി ലളിത (70), മാധവപുരം സ്വദേശി എം.സുരേന്ദ്രൻ (60),ആഗസ്റ്റ് 14ന് മരണമടഞ്ഞ പൗണ്ട്കടവ് സ്വദേശി സ്റ്റാൻസിലാസ് (80) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.ജില്ലയിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.199 പേർ രോഗ വിമുക്തി നേടുകയും ചെയ്‌തു. വലിയതുറ, കൊച്ചുതോപ്പ്,കരമന,കാലടി, പൊഴിയൂർ, അഞ്ചുതെങ്ങ്,വിഴിഞ്ഞം കോട്ടപ്പുറം,ബീമാപള്ളി, ബാലരാമപുരം,പാറശാല, പൂജപ്പുര, പ്രദേശങ്ങളിൽ സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. മുടവൻമുഗൾ, കാഞ്ഞിരവിളാകം, വിഴിഞ്ഞം,വട്ടപ്പാറ, പോത്തൻകോട് സ്വദേശികളുടെ ഉറവിടവും കണ്ടെത്താനായിട്ടില്ല. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ രണ്ടു പൊലീസുകാർക്കും ഇന്നലെ പോസിറ്റീവായി. സെൻട്രൽ ജയിലിലെ 63 തടവുകാർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന പൊലീസ് മേധാവിയും അടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോയി.
ആകെ നിരീക്ഷണത്തിലുള്ളവർ -20,455
വീടുകളിൽ -16,935
ആശുപത്രികളിൽ -2,792
കെയർ സെന്ററുകളിൽ -728
പുതുതായി നിരീക്ഷണത്തിലായവർ -1,856