കൊല്ലം : കരുനാഗപ്പള്ളി തൊടിയൂർ കൊറ്റിനാക്കാല ദക്ഷിണകാശി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ പ്രതിയെ കരുനാഗപ്പള്ളി സി.ഐ മഞ്ജുലാലും സംഘവും അറസ്റ്റ് ചെയ്തു. തൊടിയൂർ മുഴങ്ങോടി ഭക്തിവിലാസം ബംഗ്ളാവിൽ ലക്ഷ്മണന്റെ മകൻ ലാർസൺ ലക്ഷ്മണനെയാണ് (40) അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീടിന് സമീപമുള്ള ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് മാടൻസ്വാമിയുടെ വിഗ്രഹവും കാണിക്കവഞ്ചിയും തകർത്തത്. ക്ഷേത്രത്തിലെ നിലവിളക്കിനും ഇയാൾ കേട് വരുത്തി.തുടർന്ന് ക്ഷേത്ര ഭരണസമിതി നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി.